
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിവാദ ഐപിഎസ് ഓഫീസർ രശ്മി ശുക്ലയെ (Rashmi Shukla) പോലീസ് ഡയറക്ടർ ജനറലായി (ഡിജിപി) വീണ്ടും നിയമിച്ചുകൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് തിങ്കളാഴ്ച വൈകീട്ട് ഉത്തരവിറക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ശുക്ലയെ ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം സഞ്ജയ് കുമാർ വർമ്മ ആക്ടിംഗ് ഡിജിപിയായിരുന്നു. ശുക്ലയെ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഇന്ത്യൻ പോലീസ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വർമയാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ ഡിജിപിയായിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ശുക്ല നിർബന്ധിത അവധിയിൽ പ്രവേശിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച മുതൽ മാതൃകാ പെരുമാറ്റച്ചട്ടം താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു.
പെരുമാറ്റച്ചട്ടം മരവിച്ച സാഹചര്യത്തിൽ ശുക്ലയുടെ നിർബന്ധിത അവധിക്കാലം സർക്കാർ അവസാനിപ്പിച്ച് ഡിജിപിയായി തുടരാൻ നിർദേശിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയിരുന്നു.