
ചെന്നൈ: എല്ലാ വർഷവും ഒക്‌ടോബർ രണ്ടാം വാരത്തിൽ ആരംഭിക്കുന്ന വടക്കുകിഴക്കൻ മൺസൂൺ ജനുവരി ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ആണ് പിന്മാറാറുള്ളത് (Tamil Nadu rainfall prediction). നവംബറിലും ഡിസംബറിലേയും പോലെ ജനുവരിയിൽ കനത്ത മഴ പെയ്യാറില്ല. ഇത്തവണ കഴിഞ്ഞ ഒക്ടോബർ 15നാണ് വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചത്. ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചു.
വടക്കുകിഴക്കൻ മൺസൂൺ ജനുവരി 16 വരെ തുടരാമെങ്കിലും, ഈ രണ്ടാഴ്ചയിലെ മഴ ശീതകാല മഴയായി കണക്കാക്കും. നടപ്പുവർഷത്തെ പതിവിന് വിപരീതമായി ജനുവരിയിൽ തമിഴ്‌നാട്ടിലെ ഡെൽറ്റയിലും തെക്കൻ ജില്ലകളിലും പലയിടത്തും കനത്ത മഴ പെയ്തിരുന്നു.
54 ശതമാനം കൂടുതൽ
ജനുവരി ഒന്നു മുതൽ 19 വരെയുള്ള കാലയളവിൽ തമിഴ്‌നാട്ടിൽ സാധാരണ ശരാശരി 1 സെൻ്റീമീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിലും നിലവിൽ 1.54 സെൻ്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് സാധാരണയേക്കാൾ 54 ശതമാനം കൂടുതൽ മഴ.
നിലവിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തമായതിനാൽ ഡെൽറ്റയിലും തെക്കൻ ജില്ലകളിലും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ ജില്ലകൾ, വടക്കൻ ജില്ലകൾ, പുതുച്ചേരി, കാരക്കൽ മേഖലകളിൽ ചിലയിടങ്ങളിൽ ഇന്ന് ഇടിയോടും മിന്നലിനോടും കൂടി മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 23 വരെ മിതമായ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.