കൊച്ചി/ന്യൂഡൽഹി: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസിൽ 19.2% വർധനവ് വരുത്തി (Zomato Platform Fee Hike). ഒരു ഓർഡറിന് ഈടാക്കിയിരുന്ന 12.50 രൂപയിൽ നിന്ന് 14.90 രൂപയായാണ് നിരക്ക് ഉയർത്തിയത്. ഇതോടെ ഓരോ ഓർഡറിനും ഉപഭോക്താവ് അധികമായി 2.40 രൂപ കൂടി നൽകേണ്ടി വരും.
സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവിൽ നികുതി ഉൾപ്പെടെ ഏകദേശം 14.99 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കുന്നത്. രണ്ട് കമ്പനികളും സമാനമായ നിരക്കിലേക്ക് എത്തിയത് വിപണിയിലെ കുത്തക നിലനിർത്തുന്നതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
2023 ഓഗസ്റ്റിൽ വെറും 2 രൂപ നിരക്കിലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയത്. വെറും രണ്ടര വർഷത്തിനുള്ളിൽ ഏകദേശം 400 ശതമാനത്തോളമാണ് ഈ ഇനത്തിൽ വർധനവുണ്ടായത്. ഇതുവരെ ആറ് തവണയാണ് സൊമാറ്റോ ഈ നിരക്ക് പരിഷ്കരിച്ചത്.ന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളും ഇന്ധനവില വർധനവുമാണ് ഔദ്യോഗികമായി ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ. ഉയർന്ന ഇന്ധനച്ചെലവ് ഡെലിവറി ഏജന്റുമാരെയും കമ്പനിയുടെ പ്രവർത്തന ലാഭത്തെയും ബാധിക്കുന്നത് കുറയ്ക്കാനാണ് ഈ നീക്കം.
സൊമാറ്റോ-സ്വിഗ്ഗി സഖ്യത്തിന് ഭീഷണിയായി അർബൻ മൊബിലിറ്റി സ്റ്റാർട്ടപ്പായ റാപ്പിഡോ “ഓൺലി” (Ownly) എന്ന പേരിൽ ഭക്ഷണ വിതരണ സേവനം ബെംഗളൂരുവിൽ ആരംഭിച്ചിട്ടുണ്ട്.പ്ലാറ്റ്‌ഫോം ഫീസോ മറ്റ് അധിക ചാർജുകളോ ഇല്ലാതെ ഡെലിവറി ഫീസ് മാത്രം ഈടാക്കുന്ന രീതിയാണിത്. റെസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷൻ ഒഴിവാക്കി ഭക്ഷണത്തിന് കുറഞ്ഞ വില ഉറപ്പാക്കുക എന്നതാണ് ഇവരുടെ നയം. ഇത് വരും ദിവസങ്ങളിൽ സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും വലിയ വെല്ലുവിളിയായേക്കും.
ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസിന് പുറമെ ജിഎസ്ടിയും ഡെലിവറി ചാർജും നൽകേണ്ടി വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കളുടെ പോക്കറ്റ് ചോർത്തുന്നു എന്ന പരാതി ശക്തമാണ്.
Story Summary:
Zomato has increased its platform fee by 19.2%, raising it from ₹12.50 to ₹14.90 per order, matching its rival Swiggy, which charges around ₹14.99. This marks a nearly 400% increase since the fee was first introduced at ₹2 in August 2023. While the companies cite rising fuel costs and operational expenses, the entry of Rapido’s “Ownly” in Bengaluru—a zero-platform-fee model—poses a significant challenge to the existing duopoly.

