
ബെംഗളൂരു: തർക്കത്തെ തുടർന്ന് യുവാവിന്റെ വിരല്‍ കടിച്ചുമുറിച്ചു. ബെംഗളൂരുവില്‍ ലുലുമാള്‍ അണ്ടര്‍പാസിന് സമീപം ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലിനാണ് കടിയേറ്റത്. യുവാവിന്റെ പരിക്കേറ്റ കൈവിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോർട്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കുറ്റക്കാരനെ പിടികൂടിയില്ലെന്ന് ആരോപണം.
ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി ലുലു മാളിനടുത്തുള്ള സിഗ്നലില്‍ നിന്ന് കാര്‍ തിരിക്കവേ, മറ്റൊരു വാഹനത്തിലേക്ക് അബദ്ധത്തില്‍ വെള്ളം തെറിച്ചു. ഇതോടെ ദേഷ്യപ്പെട്ട യാത്രക്കാര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.
കാറില്‍ നിന്ന് ദമ്പതികള്‍ തന്നെ അസഭ്യം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നാലെ അവര്‍ തന്റെ കാര്‍ തടഞ്ഞു.പിന്നീട് ശാരീരികമായി ആക്രമിക്കുകയായിരുന്നു. ശേഖറിന്റെ വലതുകൈയിലെ മോതിരവിരലില്‍ കടിച്ച് ആഴത്തിലുള്ള മുറിവുണ്ടാക്കി. സംഭവത്തിൽ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.