
പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ യുവാവിൻ്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റിയ സംഭവം വഴിത്തിരിവിൽ. പോലീസിനെയും നാട്ടുകാരെയും ഒരുപോലെ കുഴക്കിയ ഈ ക്രൂരകൃത്യം നടത്തിയത് യുവാവിൻ്റെ ജ്യേഷ്ഠന്റെ ഭാര്യയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മവായിമയിലെ മൽഖാൻപൂർ ഗ്രാമത്തിൽ ഒക്ടോബർ 16-ന് രാത്രിയാണ് സംഭവം. രാം അസാരെയുടെ മകനായ ഉമേഷിനെ (20) മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോൾ കുത്തേറ്റ് ഗുരുതര പരിക്കുകളോടെയും സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിലുമായിരുന്നു ഉമേഷ്.
അജ്ഞാതനായ വ്യക്തി ആക്രമിച്ചു എന്നായിരുന്നു തുടക്കത്തിൽ ലഭിച്ച പരാതി. എന്നാൽ പോലീസ് ആഴത്തിൽ അന്വേഷിച്ചപ്പോൾ കുടുംബത്തിലെ സങ്കീർണ്ണമായ ബന്ധങ്ങൾ പുറത്തുവന്നു.ഉമേഷിന്റെ ജ്യേഷ്ഠൻ ഉദയ് വിവാഹം കഴിച്ചത് മഞ്ജുവിനെയാണ്. പിന്നീട് ഉമേഷ് മഞ്ജുവിന്റെ അനിയത്തിയുമായി അടുപ്പത്തിലായി. ഇരുവരും വിവാഹം കഴിക്കുമെന്ന് വാക്ക് നൽകിയിരുന്നെങ്കിലും, അടുത്ത ബന്ധത്തിൽ നിന്നുള്ള വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ ഉമേഷ് ഈ ബന്ധത്തിൽ നിന്ന് പിന്മാറി. മറ്റൊരു സ്ത്രീയുമായി അടുപ്പം കാണിച്ചുകൊണ്ട് ഉമേഷ് മഞ്ജുവിന്റെ സഹോദരിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്, അനിയത്തിയെ മാനസികമായി തളർത്തി വിഷാദത്തിലാക്കി.സഹോദരിയുടെ ദുരിതത്തിൽ ക്രുദ്ധയായ മഞ്ജു, പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഒക്ടോബർ 16-ന് രാത്രി വീട്ടിലുള്ളവരെല്ലാം ഉറങ്ങിയ ശേഷം മഞ്ജു തന്റെ പ്രതികാരം നടപ്പിലാക്കി.അർദ്ധരാത്രിയോടെ അടുക്കളയിൽ നിന്ന് കത്തിയെടുത്ത മഞ്ജു, ഉമേഷിൻ്റെ മുറിയിൽ പ്രവേശിച്ച് ആക്രമണം നടത്തി.ഉമേഷിനെ പലതവണ കുത്തിയശേഷം സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റി.ഉമേഷ് നിലവിളിച്ചതോടെ മഞ്ജു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. ഒന്നര മണിക്കൂറിലേറെ നീണ്ട അടിയന്തര ശസ്ത്രക്രിയക്ക് ശേഷം ഉമേഷിന്റെ നില ഇപ്പോൾ തൃപ്തികരമാണ്.
തുടക്കത്തിൽ തെളിവുകൾ ലഭിക്കാതിരുന്ന കേസിൽ, കുടുംബ ബന്ധങ്ങൾ പരിശോധിച്ചതോടെയാണ് സംശയം മഞ്ജുവിലേക്ക് നീണ്ടത്. ചോദ്യം ചെയ്യലിൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ കേസ് ബലപ്പെടുത്തി.നിലവിൽ ഒളിവിലുള്ള മഞ്ജുവിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.