ലഖ്നൗ : ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ നാവ് കടിച്ചുമുറിച്ച് യുവതി. ഉത്തർപ്രദേശിൽ കാൺപുർ സ്വദേശിയായ ചമ്പി (35 ) എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിവാഹിതനായ ഇയാൾക്ക് യുവതിയുമായി മുമ്പ് ബന്ധമുണ്ടായിരുന്നു.
മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ അസ്വസ്ഥനായിരുന്നു യുവാവ്. വിവാഹനിശ്ചയം കഴിഞ്ഞതോടെ യുവതി ചമ്പിയിൽ നിന്ന് അകലം പാലിച്ചു. ഇത് ചമ്പിയെ വിഷമം ഉണ്ടാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് കുളക്കടവിലേക്ക് പോയ യുവതിയെ പിന്തുടരുകയും അവിടെ വെച്ച് കയറിപ്പിടിച്ച് ഉപദ്രവിക്കുകയുമായിരുന്നു.
യുവതി എതിർക്കുകയും ചെറുക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ചമ്പി ബലപ്രയോഗം തുടരുകയും അവളെ ചുംബിക്കുകയും ചെയ്തു. ഇതോടെ യുവതി ചമ്പിയുടെ നാവിൽ ശക്തിയായി കടിച്ച് ഒരു ഭാഗം മുറിച്ചെടുക്കുകയായിരുന്നു. വേദനകൊണ്ട് അലറിവിളിച്ച ചമ്പിയുടെ വായിൽ നിന്ന് രക്തം വാർന്നൊഴുകി.
ഇയാളുടെ നിലവിളി കേട്ട് ഓടിക്കൂടിയ ഗ്രാമവാസികൾ കുടുംബത്തെ വിവരമറിയിക്കുകയും അവർ ഇയാളെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ഡോക്ടർമാർ ചമ്പിയെ കാൺപുരിലെ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയായണ് പോലീസ്.