ന്യൂഡൽഹി: ഇന്ത്യക്കെതിരെ തീവ്രമായ യുദ്ധഭീഷണിയുമായി പാകിസ്ഥാൻ മുൻ നയതന്ത്രജ്ഞൻ അബ്ദുൽ ബാസിത്. അമേരിക്ക പാകിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാൽ തിരിച്ചടിയായി ഇന്ത്യയിലെ ഡൽഹിയും മുംബൈയും ആക്രമിക്കണമെന്നാണ് അബ്ദുൽ ബാസിത് പ്രസ്താവിച്ചത്. പാക് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ഈ നിരുത്തരവാദപരമായ പരാമർശം.(We will attack Delhi and Mumbai, Former Pakistani High Commissioner makes strange remark)
പാകിസ്ഥാന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതി അമേരിക്കയ്ക്ക് ഭീഷണിയായേക്കാമെന്ന യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിന്റെ പ്രസ്താവനയാണ് ബാസിതിനെ ചൊടിപ്പിച്ചത്. അമേരിക്കയുടെ മാതൃരാജ്യം വരെ എത്തുന്ന നൂതന മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനെയും ഉൾപ്പെടുത്തി തുൾസി ഗബ്ബാർഡ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
തുൾസി ഗബ്ബാർഡ് ഇന്ത്യൻ വംശജയായതിനാലാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് ബാസിത് ആരോപിച്ചു. ഇന്ത്യയുടെ അഗ്നി 5, അഗ്നി 6 തുടങ്ങിയ ഭൂഖണ്ഡാന്തര മിസൈലുകൾ അവർ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള തർക്കത്തിൽ ഇന്ത്യയെ ഇരയാക്കണമെന്ന വിചിത്രമായ വാദമാണ് ബാസിത് ഉയർത്തിയത്.
അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കരുത്, മുംബൈയെയും ഡൽഹിയെയും ആക്രമിക്കണം. യുഎസ് നമ്മെ ആക്രമിച്ചാൽ ഇന്ത്യയെ ആക്രമിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ലോകം അറിയണം, ബാസിത് പറഞ്ഞു. പാക് മിസൈലുകളുടെ ദൂരപരിധി വർദ്ധിപ്പിക്കണമെന്നും കുറഞ്ഞത് ഇസ്രയേലിനെയെങ്കിലും ലക്ഷ്യമിടാൻ പാകിസ്ഥാന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക ഒരിക്കലും പാകിസ്ഥാന്റെ തന്ത്രപരമായ പങ്കാളിയാവില്ലെന്ന് ബാസിത് മുന്നറിയിപ്പ് നൽകി.
ഡൊണാൾഡ് ട്രംപ് വന്നതിനുശേഷം ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയാണ് അമേരിക്കയുടെ പ്രധാന പങ്കാളി. പാകിസ്ഥാൻ യുഎസുമായി ശക്തമായ ബന്ധമുണ്ടെന്ന് കരുതുന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. മുതിർന്ന നയതന്ത്രജ്ഞനായിരുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടായത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

