മുംബൈ: 2026-ലെ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ഇന്ത്യ ഒരുങ്ങവെ, സ്പിന്നർ വരുൺ ചക്രവർത്തിയുടെ ബൗളിംഗ് രീതികളിൽ കടുത്ത വിമർശനവുമായി വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ (Varun Chakravarthy Expensive Spell). ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ വരുൺ വഴങ്ങിയ റെക്കോർഡ് റൺസിനെത്തുടർന്നാണ് അശ്വിന്റെ പ്രതികരണം. ബാറ്റർമാർ തുടക്കത്തിൽ തന്നെ ആക്രമിക്കുമ്പോൾ വരുണിന്റെ ആത്മവിശ്വാസം തകരുകയാണെന്നും ഇത് ടീമിന് തിരിച്ചടിയാകുമെന്നും അശ്വിൻ നിരീക്ഷിച്ചു. തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തി’ലൂടെയാണ് അദ്ദേഹം ഈ ആശങ്കകൾ പങ്കുവെച്ചത്.
വങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ നാല് ഓവറിൽ 64 റൺസാണ് വരുൺ വഴങ്ങിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനങ്ങളിൽ ഒന്നാണിത്. “ഇത് ഞാൻ വീണ്ടും വീണ്ടും പറഞ്ഞു മടുത്തു. ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ ‘റൗണ്ട് ദ വിക്കറ്റ്’ ബൗൾ ചെയ്യുന്നത് വരുൺ ഒഴിവാക്കണം. തുടക്കത്തിൽ തന്നെ റൺസ് വഴങ്ങുമ്പോൾ പിന്നീട് കളിയിലേക്ക് തിരിച്ചുവരാൻ അദ്ദേഹം പ്രയാസപ്പെടുകയാണ്. ലൈനിലും ലെങ്തിലും വേഗതയിലും കൃത്യമായ വ്യതിയാനങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്,” അശ്വിൻ പറഞ്ഞു. വരുണുമായി ഇക്കാര്യത്തിൽ കൃത്യമായ ആശയവിനിമയം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലോകകപ്പിൽ തന്നെ ഇന്ത്യക്കെതിരെ യുഎസ്എയുടെ സൗരഭ് നേത്രാവൽക്കർ വഴങ്ങിയ 65 റൺസാണ് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം. 2007-ൽ പാകിസ്ഥാനെതിരെ സനത് ജയസൂര്യ വഴങ്ങിയ 64 റൺസിനൊപ്പമാണ് വരുൺ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇന്ത്യൻ ബൗളർമാരുടെ കണക്കെടുത്താൽ പ്രസീദ് കൃഷ്ണ (68 റൺസ്), യുസ്വേന്ദ്ര ചാഹൽ (64 റൺസ്) എന്നിവർക്ക് ശേഷം ഒരു അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമായി വരുൺ മാറി.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആവേശകരമായ ഫൈനൽ പോരാട്ടം ഞായറാഴ്ച (മാർച്ച് 8) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഈ രണ്ട് ടീമുകളായിരുന്നു ഏറ്റുമുട്ടിയത്. കിരീടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ വരുൺ ചക്രവർത്തിയുടെ പ്രകടനം നിർണ്ണായകമാകുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

