
വിജയവാഡ: ആന്ധ്രാപ്രദേശിൽ മാതാപിതാക്കൾ പാകം ചെയ്യാത്ത കോഴിക്കഷണം നൽകിയതിനെ തുടർന്ന് പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഫെബ്രുവരി 28 ന്, ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ നരസരപേട്ടൈയിൽ നിന്നുള്ള 2 വയസ്സുള്ള ഒരു പെൺകുട്ടിക്ക് അവളുടെ മാതാപിതാക്കൾ ഒരു ചെറിയ കഷണം പച്ച കോഴി ഇറച്ചികൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.കോഴി കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടിക്ക് ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. മാതാപിതാക്കൾ ആദ്യം പെൺകുട്ടിയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട്, നില വഷളായതിനെത്തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയി.
മാർച്ച് നാലിന് പക്ഷിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുഞ്ഞ് മാർച്ച് 16 ന് മരിച്ചു. വൈദ്യപരിശോധനയിൽ കുട്ടി പക്ഷിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് കണ്ടെത്തി. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഗുണ്ടൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി റിസർച്ചും കുട്ടിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു.ദുർബല പ്രദേശങ്ങളിൽ പനി പരിശോധന നടത്താൻ എല്ലാ ജില്ലാ മെഡിക്കൽ, ആരോഗ്യ ഉദ്യോഗസ്ഥരോടും ഉത്തരവിട്ടു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. വേവിച്ച ചിക്കൻ കഴിച്ച, മരണപ്പെട്ട കുട്ടിയുടെ മറ്റ് കുടുംബാംഗങ്ങൾ ആരോഗ്യവാന്മാരാണെന്നും അധികൃതർ അറിയിച്ചു.
കുട്ടി ചിക്കൻ കഴിച്ച കടയിൽ നിന്ന് ചിക്കൻ വാങ്ങി കഴിച്ച മറ്റുള്ളവരുടെ രക്തസാമ്പിളുകൾ ഞങ്ങൾ പരിശോധിച്ചു. ആർക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല.-അധികൃതർ വ്യക്തമാക്കി. കോഴിയിറച്ചിയും മുട്ടയും നന്നായി വേവിച്ചതിനുശേഷം മാത്രമേ കഴിക്കാവൂ എന്ന് മൃഗഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.