ന്യൂഡൽഹി: ബീഹാർ രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പദവി രാജിവെക്കുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി അദ്ദേഹം ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ നിതീഷ് കുമാർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പങ്കുവെച്ചത്.(There’s Been A Desire In My Heart, says Nitish Kumar amid decisions To Move To Rajya Sabha)
പാർലമെന്റിന്റെയും നിയമസഭയുടെയും ഇരുസഭകളിലും അംഗമാകുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ലോക്സഭാ എം.പി., എം.എൽ.എ., എം.എൽ.സി.എന്നീ പദവികൾ അദ്ദേഹം പൂർത്തിയാക്കി. രാജ്യസഭാ അംഗമാകുന്നതോടെ നാല് സഭകളിലും പ്രവർത്തിച്ച നേതാവ് എന്ന അപൂർവ്വ നേട്ടം നിതീഷ് കുമാറിന് സ്വന്തമാകും.
നിതീഷ് കുമാർ മുഖ്യമന്ത്രി പദവി ഒഴിയുന്നതോടെ ബീഹാറിൽ ഭരണമാറ്റത്തിന് വഴിയൊരുങ്ങുകയാണ്. ബീഹാറിൽ ഏറെക്കാലമായി ബി.ജെ.പി ആഗ്രഹിച്ചിരുന്ന മുഖ്യമന്ത്രി പദം ഇത്തവണ അവർക്ക് ലഭിക്കും. നിതീഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്നാണ് സൂചന. പുതിയ സർക്കാരിന് തന്റെ പൂർണ്ണമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും ഉണ്ടാകുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടിലേറെക്കാലം തന്നിൽ വിശ്വസിച്ച ബീഹാറിലെ ജനങ്ങൾക്ക് നിതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. വികസനത്തിന്റെയും അന്തസ്സിന്റെയും പുതിയ പാതയിലേക്ക് ബീഹാറിനെ എത്തിക്കാൻ ജനങ്ങളുടെ പിന്തുണ സഹായിച്ചുവെന്നും, വരും കാലങ്ങളിലും ബീഹാറിന്റെ വികസനത്തിനായി താൻ സത്യസന്ധതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

