മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഗൂഢാലോചന ആരോപണങ്ങൾ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മരണം തികച്ചും ആകസ്മികമായ ഒരു അപകടമാണെന്നും ഇതിൽ രാഷ്ട്രീയപരമായ സംശയങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.(There is no conspiracy, Sharad Pawar on Ajit Pawar's demise)
വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതൊരു ആസൂത്രിത സംഭവമല്ല, തികച്ചും ഒരു അപകടമാണ്. എല്ലാം നമ്മുടെ കൈകളിലല്ല, നിസ്സഹായത തോന്നുന്നു. അജിത്തിന്റെ വിയോഗം മഹാരാഷ്ട്രയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. കഴിവുറ്റ ഒരു നേതാവിനെയാണ് സംസ്ഥാനത്തിന് ഇന്ന് നഷ്ടമായത്, അദ്ദേഹം പറഞ്ഞു.
അപകടത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യത്തെ ശരദ് പവാർ തള്ളിക്കളഞ്ഞു. കേന്ദ്ര ഏജൻസികളായ ഡിജിസിഎയും എഎഐബിയും നിലവിൽ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാവിലെ 8:48-ഓടെ ബാരാമതിയിലാണ് വിമാനം തകർന്നു വീണത്. വിഎസ്ആർ ഏവിയേഷൻ പ്രവർത്തിപ്പിക്കുന്ന ബോംബാർഡിയർ ലിയർജെറ്റ് 45 ആണിത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിൽ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തം.