
ബെംഗളൂരു: ബെംഗളൂരുവിലെ യശ്വന്ത്പുരിന് സമീപം ബിഎംടിസി ബസ് ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു (Heart attack while driving). അതേസമയം , കണ്ടക്ടറുടെ മനസാന്നിധ്യവും, സമയോചിതമായ ഇടപെടലും കാരണം യാത്രക്കാർക്ക് പരിക്കില്ല. ബിഎംടിസി ഡിപ്പോ 40ൽ ജോലി ചെയ്തിരുന്ന കിരൺ കുമാർ (39) ആണ് മരിച്ചത്.
കിരൺ നെലമംഗലയിൽ നിന്ന് യശ്വന്ത്പൂരിലേക്ക് ബസ് ഓടിക്കുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണു. കുഴഞ്ഞുവീണതോടെ കണ്ടക്ടർ ഒബലേഷ് ഡ്രൈവർ സീറ്റിലേക്ക് ചാടി ബ്രേക്ക് ചവിട്ടി ബസ് നിർത്തി. സംഭവസമയത്ത് ബസിൽ 50 ഓളം യാത്രക്കാരുണ്ടായിരുന്നു, കൂടാതെ ചില കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും റോഡിലും ഉണ്ടായിരുന്നു.
അതേസമയം , കുഴഞ്ഞു വീണ കിരണിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.