ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഇടക്കാല ഉത്തരവിറക്കി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും, നിരീക്ഷണത്തിനായി പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നുമാണ് കോടതിയുടെ പ്രധാന നിർദ്ദേശം. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ ഉത്തരവിറക്കിയത്.(Supreme Court issues important interim order on stray dog issue)
ദേശീയപാതകൾ ഉൾപ്പെടെയുള്ള റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റികളും അടിയന്തര നടപടി സ്വീകരിക്കണം. റോഡുകളിൽ മൃഗങ്ങളെ കണ്ടെത്താനും നീക്കാനും വേണ്ടി പട്രോളിങ് സംഘത്തെ നിയോഗിക്കണം.
സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ സംവിധാനങ്ങൾ ഒരുക്കണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം.
ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ സംവിധാനം ഒരുക്കണം. പിടികൂടുന്ന തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ഇതിനായുള്ള നടപടികൾ മുനിസിപ്പൽ കോർപ്പറേഷൻ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം.
പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിനുശേഷം പിടിച്ച അതേ സ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിൽ കർശനമായി പറയുന്നു. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയതുൾപ്പെടെയുള്ള നടപടികൾ സംബന്ധിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിമാർക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കോടതിയുടെ ഈ ഇടക്കാല ഉത്തരവ് പ്രശ്നത്തിന് അറുതി വരുത്താൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.