ഗുവാഹത്തി: അസമിൽ റഡാറിൽ നിന്നും കാണാതായ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിയ നിലയിലാണ് കണ്ടെത്തിയത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിരച്ചിൽ ശക്തമായി തുടരുകയാണ്.(Sukhoi-30 that went missing crashes, fate of two pilots unknown)
ഇന്നലെ വൈകീട്ട് 7.42-ഓടെയാണ് വിമാനവുമായുള്ള ആശയവിനിമയം അവസാനമായി രേഖപ്പെടുത്തിയത്. അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. അസമിലെ കർബി ആംഗ്ലോങ് മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ വ്യോമസേനയുടെ രക്ഷാദൗത്യം നടക്കുന്നത്.
വിമാനം കാണാതായ സമയത്ത് ഗ്രാമീണ മേഖലയിലെ കുന്നിൻപ്രദേശത്ത് നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് തിരച്ചിൽ സംഘം നീങ്ങുന്നത്. വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിവരം പ്രതിരോധ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

