

ബെംഗളൂരു: കർണാടകയിലെ ചിക്കനായകനഹള്ളിയിൽ തെരുവുനായയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയിലാണ് നടപടി. ഒക്ടോബർ 13-നാണ് ചിക്കനായകനഹള്ളിയിലെ തൊഴിലാളികൾ താമസിക്കുന്ന ഷെഡ്ഡിന് സമീപത്തുവെച്ച് 'മിലി' എന്ന് പേരുള്ള നായ അതിക്രമത്തിന് ഇരയായതെന്നാണ് പരാതിയിൽ പറയുന്നത്.(Stray dog gang-raped in Karnataka! Police registers case)
പരാതിക്കാരി സ്ഥിരമായി ഭക്ഷണം നൽകുന്ന നായയാണ് ആക്രമിക്കപ്പെട്ടത്. ഒക്ടോബർ 13-ന് രാത്രി ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് തൊഴിലാളികളുടെ ഷെഡ്ഡിൽവെച്ച് ഒരുസംഘം പുരുഷന്മാർ തെരുവുനായയെ ബലാത്സംഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിക്കാരി പറയുന്നു.
പിന്നീട് നായയെ കാണാതായി. മൂന്ന് ദിവസത്തിനുശേഷം നായയെ കണ്ടെത്തിയപ്പോൾ സ്വകാര്യഭാഗത്ത് പരിക്കേറ്റിരുന്നതായും പരാതിയിൽ പറയുന്നു. തുടർന്ന് ഒക്ടോബർ 18-നാണ് മൃഗസംരക്ഷണ പ്രവർത്തക പോലീസിൽ പരാതി നൽകിയത്.
അതിക്രമം നേരിട്ട നായയെ കണ്ടെത്താനായി പോലീസ് 25-ഓളം സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും വെറ്ററിനറി വിദഗ്ധരുടെ സഹായം തേടുകയും ചെയ്തു.
നായയെ കണ്ടെത്തിയതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്തു. ഫോറൻസിക് ലാബിലെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. പരിശോധനയ്ക്ക് ശേഷം കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനിടയിൽ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.