
ചെന്നൈ: അടുത്ത 24 മണിക്കൂറിനുള്ളിൽ നീലഗിരി ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Tamil Nadu weather alert).
കിഴക്കൻ കാറ്റിൻ്റെ വേഗത്തിലുള്ള വ്യതിയാനം കാരണം തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ചിലയിടങ്ങളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാഷ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജനുവരി 10 വരെ ഇതേ സ്ഥിതി തുടർന്നേക്കും. ജനുവരി 11 ന് തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ട ജില്ലകളിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്- കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കുനിന്നുള്ള തണുത്ത കാറ്റിൻ്റെ ആഘാതം വർധിച്ചിട്ടുണ്ട്. അതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ നീലഗിരി ജില്ലയിലെ ചില സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ട്.ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസത്തേക്ക് ആകാശം ഭാഗികമായി മേഘാവൃതമായി തുടരും. രാവിലെ നേരിയ മൂടൽമഞ്ഞ് ഉണ്ടാകും- കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നീലഗിരി ജില്ലയിൽ ചിലയിടങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നിബിഡവനമേഖലയായ അവലാഞ്ചിയിൽ ആഘാതം രൂക്ഷമാകാനാണ് സാധ്യത. മൈനസ് 3 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.