ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടുറോഡില്‍ സ്ത്രീക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. പ്രതിയായ മുഹമ്മദ് ആദിലിനെയാണ് യുപി പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസമാണ് മൊറാദാബാദില്‍ പൊതുസ്ഥലത്ത് നടന്നുപോവുകയായിരുന്ന സ്ത്രീക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. ബുര്‍ഖ ധരിച്ച സ്ത്രീയെ പിന്നിലൂടെയെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. ബഹളം വെച്ച യുവതിയെ തള്ളിമാറ്റിയ പ്രതി ഓടിരക്ഷപ്പെടുകയുംചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.പോലീസ് പരിശോധനയ്ക്കിടെ ബൈക്കില്‍ അമിതവേഗത്തിലെത്തിയ പ്രതി കൈകാണിച്ചിട്ടും നിര്‍ത്താതെപോയി. ഇതിനിടെ ബൈക്ക് ചെളിയില്‍ തെന്നിവീണെങ്കിലും പ്രതി അവിടെനിന്നും എഴുന്നേറ്റ് ഓടിരക്ഷപ്പെടാന്‍ശ്രമിച്ചു.
പോലീസ് സംഘവും ഇയാളുടെ പിന്നാലെയോടി. എന്നാല്‍, ഇതിനിടെ പ്രതി കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് പോലീസിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ പോലീസ് സംഘവും തിരിച്ചടിച്ചു.ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ആദിലിനെ പോലീസുകാരെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.