

ബെംഗളൂരു: ബെംഗളൂരുവിൽ റാപ്പിഡോ (ബൈക്ക് ടാക്സി) യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. യുവതി തനിക്ക് നേരിട്ട ദുരനുഭവം മൊബൈലിൽ റെക്കോർഡ് ചെയ്യുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് സംഭവം.ചർച്ച് സ്ട്രീറ്റിൽ നിന്ന് തൻ്റെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു യുവതി.യാത്രയ്ക്കിടെ ബൈക്ക് ടാക്സി ഓടിച്ചിരുന്ന ഡ്രൈവർ മനഃപൂർവം തൻ്റെ കാലിൽ പിടിക്കാൻ ശ്രമിച്ചുവെന്നും കൈകൾ കാലിൽ ഉരസിയെന്നും യുവതി പരാതിയിൽ പറയുന്നു.
പെട്ടെന്നുണ്ടായ മോശം പെരുമാറ്റത്തിൽ പേടിച്ചുപോയെന്ന് യുവതി പങ്കുവെച്ച വീഡിയോയിൽ പറയുന്നു.ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ല.സ്ഥലപരിചയമില്ലാതിരുന്നതിനാൽ ബൈക്ക് നിർത്താൻ ആവശ്യപ്പെടാൻ യുവതിക്ക് കൂടുതൽ കഴിഞ്ഞിരുന്നില്ല.ലൈംഗിക ഉദ്ദേശത്തോടെ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.