മീററ്റ്: വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്കെതിരെ വേറിട്ട നിലപാടുമായി ഉത്തർപ്രദേശിലെ ഒരു മുൻ ജഡ്ജി. വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ ഏക മകൾ പ്രനീത വസിഷ്ഠയെ ചെണ്ടമേളങ്ങളുടെയും മാലകളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് വിരമിച്ച ജഡ്ജിയായ ജ്ഞാനേന്ദ്ര കുമാർ ശർമ്മ സ്വീകരിച്ചത്.(Retired judge welcomes divorced daughter with musical performances)
ശനിയാഴ്ച കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതിന് പിന്നാലെയായിരുന്നു ഈ ആഘോഷപൂർവ്വമായ വരവേൽപ്പ്. ബന്ധുക്കൾ മാലയിട്ട് പ്രനീതയെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുടുംബാംഗങ്ങളിൽ പലരും “I Love My Daughter” എന്ന് എഴുതിയ കറുത്ത ടി-ഷർട്ടുകൾ ധരിച്ചാണ് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്.
2018 ഡിസംബർ 19-നാണ് ഷാജഹാൻപൂർ സ്വദേശിയായ ആർമി മേജറുമായി പ്രനീതയുടെ വിവാഹം നടന്നത്. എന്നാൽ അധികം വൈകാതെ തന്നെ ശാരീരികവും മാനസികവും വൈകാരികവുമായ പീഡനങ്ങൾ പ്രനീതയ്ക്ക് നേരിടേണ്ടി വന്നുവെന്ന് അഭിഭാഷകർ പറഞ്ഞു. ഒരു മകൻ ജനിച്ചുവെങ്കിലും ബന്ധം മെച്ചപ്പെട്ടില്ല. ഇതോടെയാണ് നിയമപരമായ വേർപിരിയലിന് പ്രനീത തീരുമാനമെടുത്തത്.
ഈ വിഷയത്തിൽ ജ്ഞാനേന്ദ്ര കുമാർ ശർമ്മ പറയുന്നത് “എന്റെ മകൾ അവളുടെ വിവാഹജീവിതത്തിൽ സന്തുഷ്ടയല്ലെങ്കിൽ, അവളെ ആ സാഹചര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേക്കാൾ എനിക്ക് വലുത് എന്റെ മകളുടെ അന്തസ്സാണ്,” എന്നാണ്. വിവാഹമോചനത്തിന് പകരമായി ഭർത്താവിൽ നിന്ന് യാതൊരുവിധ ജീവനാംശവും വാങ്ങേണ്ടതില്ലെന്നും കുടുംബം തീരുമാനിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ പ്രനീത നിലവിൽ ഒരു ജുഡീഷ്യൽ അക്കാദമിയിൽ ഫിനാൻസ് ഡയറക്ടറായി ജോലി ചെയ്യുകയാണ്.
വിവാഹജീവിതത്തിൽ താൻ മാനസികമായി തകർന്നുപോയിരുന്നുവെന്നും എന്നാൽ കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് കരുത്തായതെന്നും പ്രനീത പറഞ്ഞു. “ഒരു സ്ത്രീയും നിശബ്ദമായി പീഡനങ്ങൾ സഹിക്കരുത്. സ്വന്തം അന്തസ്സിനും ആത്മാഭിമാനത്തിനും വേണ്ടി നിലകൊള്ളണം,” പ്രനീത കൂട്ടിചേർത്തു. സമൂഹത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ധീരമായ ചുവടുവെപ്പാണിതെന്ന് മറ്റ് വിവാഹമോചിതരായ സ്ത്രീകളും അഭിപ്രായപ്പെട്ടു.

