ഗുവാഹത്തി: മൂന്നാം തവണ അങ്കത്തിനിറങ്ങുന്ന ബി.ജെ.പിക്ക് അസമിൽ സ്വന്തം പാളയത്തിൽ നിന്നുള്ള പടയൊരുക്കം തലവേദനയാകുന്നു. വോട്ടെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെ ഭരണകക്ഷിയായ എൻ.ഡി.എ പ്രതിരോധത്തിലായിരിക്കുകയാണ്.(Rebel movement, seat dispute, BJP faces challenge in Assam)
കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന പ്രദ്യുത് ബോർഡോലോയിയെ ദിസ്‌പൂരിൽ സ്ഥാനാർത്ഥിയാക്കിയതാണ് ഏറ്റവും വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്. ഇതോടെ 35 വർഷമായി പാർട്ടിക്കായി പ്രവർത്തിക്കുന്ന മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജയന്ത കുമാർ ദാസ് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. ഹിമന്ത ബിശ്വ ശർമ്മ പാർട്ടിയെ ‘കോൺഗ്രസ് ബി.ജെ.പി’ ആക്കി മാറ്റുകയാണെന്നാണ് പഴയകാല നേതാക്കളുടെ പ്രധാന ആരോപണം.
സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മന്ത്രിമാരും മുൻ എം.എൽ.എമാരും പാർട്ടി വിടുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു. സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ നന്ദിതയ്ക്ക് സീറ്റ് നൽകാത്തതിനെത്തുടർന്ന് അവർ കോൺഗ്രസിൽ ചേരുകയും ഹാഫ്ലോങ്ങിൽ സ്ഥാനാർത്ഥിയാവുകയും ചെയ്തു. കാട്ടിഗോറയിലെ മുൻ എം.എൽ എ അമർ ചന്ദ് ജെയിനും ബി.ജെ.പി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നു. സിദ്ധാർത്ഥ ഭട്ടാചാര്യ, അതുൽ ബോറ എന്നീ മുതിർന്ന നേതാക്കളെയും ഇത്തവണ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അണികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

