ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒഡീഷ, ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഉണ്ടായ കൂറുമാറ്റത്തെ ഗൗരവമായി കണ്ട് കോൺഗ്രസ് നേതൃത്വം. ബിഹാറിലും ഒഡീഷയിലും അധിക സീറ്റുകൾ നേടി എൻഡിഎ കരുത്ത് തെളിയിച്ചപ്പോൾ, ഹരിയാനയിൽ കഷ്ടിച്ചാണ് കോൺഗ്രസ് അട്ടിമറി അതിജീവിച്ചത്. പാർട്ടിയെ വഞ്ചിച്ച എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.(Rajya Sabha elections, Congress prepares to take strict action against defectors)
ബിഹാറിൽ അഞ്ചാം സീറ്റിലും ബിജെപി വിജയിച്ചത് പ്രതിപക്ഷ നിരയിലെ വോട്ടുചോർച്ച കാരണമാണ്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു. ഒരു ആർജെഡി എംഎൽഎ എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ക്രമക്കേട് നടത്തിയെന്നും ജനാധിപത്യത്തെ അട്ടിമറിച്ചെന്നുമാണ് ആർജെഡി നേതാവ് തേജസ്വി യാദവിന്റെ ആരോപണം.
ഒഡീഷയിലെ നാല് സീറ്റുകളിൽ മൂന്നെണ്ണം ബിജെപി നയിക്കുന്ന എൻഡിഎ പിടിച്ചെടുത്തു. ഒരു സീറ്റിൽ കോൺഗ്രസ്-ബിജെഡി സംയുക്ത സ്ഥാനാർത്ഥിക്ക് വിജയിക്കാമായിരുന്നെങ്കിലും, സ്വന്തം എംഎൽഎമാർ ഉൾപ്പെടെ കൂറുമാറി വോട്ട് ചെയ്തത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. ബാക്കിയുള്ള ഒരു സീറ്റിൽ ബിജെഡി വിജയിച്ചു. ഹരിയാനയിൽ കനത്ത പോരാട്ടത്തിനൊടുവിൽ അട്ടിമറി നീക്കങ്ങളെ അതിജീവിച്ച് ഒരു സീറ്റ് കോൺഗ്രസ് സ്വന്തമാക്കി. രണ്ട് സീറ്റുകളിൽ ഒന്നിൽ കോൺഗ്രസും മറ്റൊന്നിൽ ബിജെപിയും വിജയിച്ചു. ഒറ്റ വോട്ടിന്റെ വ്യത്യാസത്തിലാണ് കോൺഗ്രസ് ഇവിടെ വിജയം ഉറപ്പാക്കിയത്.

