ബെംഗളൂരു : ലൈംഗിക പീഡന പരാതിയില്‍ ബെംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. 37-കാരിയായ യുവതിയുടെ പരാതിയില്‍ പ്രൊഫ. ബി.സി. മൈലാരപ്പയെ പോലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ക്കെതിരേ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.
സ്ത്രീയെ ഉപദ്രവിച്ചതിനും കേസ് നല്‍കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയുടെയും ബന്ധുവായ അഭിഭാഷകന്റെയും വീട്ടിലെത്തി ബഹളം സൃഷ്ടിക്കുകയായിരുന്നു. പ്രൊഫസര്‍ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി.
2022-ലാണ് ഇയാളെ ആദ്യം യുവതിയെ കണ്ടുമുട്ടിയത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭര്‍ത്താവ് മരിച്ചശേഷം ഒരു സ്വത്ത് തര്‍ക്കത്തില്‍ ഇയാള്‍ സഹായിച്ചു. എന്നാല്‍, പിന്നീട് കുടുംബസുഹൃത്തായ അഭിഭാഷകനെ കുറ്റപ്പെടുത്തുന്ന രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ അയാള്‍ പൊതുസ്ഥലത്തുവെച്ച് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്‌തെന്നും യുവതി ആരോപിക്കുന്നു.
പിന്നാലെ യുവതിയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. അശ്ലീല ശബ്ദസന്ദേശങ്ങൾ അയച്ചതായും പരാതിയിലുണ്ട്. കുട്ടികളില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചു. കൂടാതെ യുവതിയുടെ യുഎസിലുള്ള സഹോദരന് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയച്ചുകൊടുത്തെന്നും പരാതിയിൽ പറയുന്നു.