

ബെംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായ ദേവാംഗ ഹോസ്റ്റൽ ട്രാഫിക് സിഗ്നലിന് സമീപം ഇരുചക്രവാഹനങ്ങൾ തെന്നിമാറുകയോ അപകടത്തിൽപെടുകയോ ചെയ്യാതിരിക്കാൻ കുഴികൾ നികത്തി ട്രാഫിക് പോലീസുകാർ (Policemen repair potholes). കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിലെ റോഡുകളുടെ സ്ഥിതി കൂടുതൽ വഷളായിരുന്നു.
ഇതിനിടെയാണ് , ബിബിഎംപി ആസ്ഥാനത്തിന് സമീപമുള്ള ദേവാംഗ സിഗ്നലിനു സമീപം ഒട്ടേറെ കുഴികൾ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. അതും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയിൽ കുഴികളുടെ എണ്ണം കൂടുകയും ചെയ്തു. ഈ സിഗ്നലിന് സമീപത്തെ കുഴികൾ കാരണം ഗതാഗതം വളരെ മന്ദഗതിയിലായിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥർ ഇടപെട്ട് സിമൻ്റ് മിശ്രിതവും എം-സാൻഡും എത്തിക്കുകയും , ഇവ ഉപയോഗിച്ച് കുഴികൾ നികത്തുകയുമായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് . ബിബിഎംപിയുടെ നിഷ്‌ക്രിയത്വത്തെ അപലപിച്ചുകൊണ്ട് ട്രാഫിക് പോലീസിൻ്റെ ശ്രമങ്ങളെ ജനങ്ങൾ അഭിനന്ദിക്കുകയാണ് .
അതേസമയം , നിർത്താതെ പെയ്യുന്ന മഴയിൽ ബിബിഎംപി ആസ്ഥാന റോഡും പൂർണമായും തകർന്നു. ദൊഡ്ഡനെകുണ്ടി, ബില്ലേക്കഹള്ളി എന്നിവയുൾപ്പെടെ മറ്റ് സ്ഥലങ്ങളിലും സമാനമായ സാഹചര്യമാണ്. ബിബിഎംപിയുടെ നിഷ്‌ക്രിയത്വത്തെ അപലപിച്ചുകൊണ്ട് ട്രാഫിക് പോലീസിൻ്റെ ശ്രമങ്ങളെ പൗരന്മാർ അഭിനന്ദിച്ചു.