ഇംഫാൽ: വർഷങ്ങളായി തുടരുന്ന മണിപ്പൂരിലെ വംശീയ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഖേംചന്ദും കുക്കി സംഘടനകളും തമ്മിൽ കൂടിക്കാഴ്ച നടത്തി. 2023 മെയ് മാസത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് കുക്കി വിഭാഗം പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ചർച്ചയ്ക്ക് തയ്യാറാകുന്നത്. ഗുവാഹത്തിയിൽ നടന്ന ഒന്നര മണിക്കൂർ നീണ്ട ചർച്ച ശുഭസൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.(Peace movement in Manipur, Kuki organizations held discussions with the Chief Minister)
എൻ. ബിരേൻ സിങ്ങിനെ മാറ്റി വൈ. ഖേംചന്ദിനെ മുഖ്യമന്ത്രിയായും കുക്കി വിഭാഗത്തിൽ നിന്ന് ഉപമുഖ്യമന്ത്രിയായും നിയോഗിച്ച കേന്ദ്ര സർക്കാർ നീക്കം ഫലം കാണുന്നുവെന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാന സർക്കാരുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് കുക്കി സംഘടനകൾ ചർച്ചയ്‌ക്കെത്തിയത്.
പ്രത്യേക ഭരണകൂടം, ബഫർ സോണുകളുടെ സംരക്ഷണം എന്നീ ആവശ്യങ്ങൾ സംഘടനകൾ മുഖ്യമന്ത്രിയെ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് കുക്കി സോ സംഘടന വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് പൂർണ്ണ സമാധാനം ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

