
ദാവൺഗരെ: വിജയനഗർ ജില്ലയിലെ ഹരപ്പനഹള്ളി താലൂക്കിലെ (Harapanahalli village) 1500-ഓളം ജനസംഖ്യയുള്ള വാല തണ്ട ഗ്രാമത്തിൽ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്നും അന്യമാണ്. ആമസോൺ കാടുകൾക്കുള്ളിലാണ് തങ്ങൾ ജീവിക്കുന്നതെന്നാണ് ഗ്രാമവാസികളിൽ പലരും പറയുന്നത്.
പ്രധാനമായും തൊഴിലാളികൾ താമസിക്കുന്ന സ്ഥലമാണ് ഈ ഗ്രാമം, ഇവിടേക്ക് ബസ് സർവീസും കുറവാണ്. മാത്രമല്ല മൊബൈൽ ഫോണിൽ ആരോടെങ്കിലും സംസാരിക്കേണ്ടി വന്നാൽ ഗ്രാമവാസികൾ കുന്നുകളോ മരങ്ങളോ വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും മേൽക്കൂരകളോ കയറേണ്ട സ്ഥിതിയിലുമാണ്.
സ്‌കൂളിലെ ക്‌ളാസ്സുകൾ പലപ്പോഴും ഓൺലൈൻ മോഡിലേക്ക് മാറുന്ന സാഹചര്യങ്ങളിൽ, മെച്ചപ്പെട്ട ഇൻ്റർനെറ്റ് കണക്റ്റിവിറ്റിക്കായി രക്ഷിതാക്കൾ കുട്ടികളെയും കൊണ്ട് കുന്നിൻ മുകളിലേക്ക്പോകേണ്ട സ്ഥിതിയാണ് ഇവിടെ.
ചികിത്സ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ, ആംബുലൻസ് വിളിക്കാൻ ആളുകൾക്ക് മൊബൈൽ കണക്റ്റിവിറ്റി ഉള്ള ഗ്രാമത്തിൽ എത്താൻ 3-4 കിലോമീറ്റർ പോകേണ്ട സ്ഥിതിയാണ്. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയക്കാർ തങ്ങളെ സമീപിക്കുകയും മികച്ച മൊബൈൽ കണക്ഷൻ വാഗ്ദാനം ചെയ്യുകയും എന്നാൽ പിന്നീട് അത് മറക്കുകയും ചെയ്യുന്നതായി ഗ്രാമവാസികൾകുറ്റപ്പെടുന്നു.
ഏതെങ്കിലും വീട്ടിൽ മരണം സംഭവിച്ചാലും അന്ത്യകർമങ്ങൾ നടത്തിയ ശേഷമേ ബന്ധുക്കൾക്ക് വിവരം ലഭിക്കുകയുള്ളൂവെന്നും ഗ്രാമവാസികൾ പറയുന്നു. കണക്‌ടിവിറ്റി കുറവായതിനാൽ ജോലിയ്‌ക്കോ മത്സര പരീക്ഷയ്‌ക്കോ ഓൺലൈനായി അപേക്ഷിക്കാനും യുവാക്കൾ ബുദ്ധിമുട്ടുകയാണ്. ഇക്കാരണങ്ങളാൽ നിരവധി കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന് മാറിത്താമസിക്കുകയാണെന്നും ഗ്രാമവാസികൾ പറയുന്നു.