ദേവ്ഗഡ്: ഒഡീഷയിലെ ദേവ്ഗഡ് ജില്ലയിൽ കുടുംബതർക്കത്തെത്തുടർന്ന് വയോധികൻ ഭാര്യയെയും മരുമകളെയും നാല് വയസ്സുകാരിയായ പേരക്കുട്ടിയെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു (Odisha Deogarh Triple Murder). ഗരിയപാലി ഗ്രാമത്തിൽ ബുധനാഴ്ച രാത്രി 11:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒളിവിൽ പോയ പ്രതി രമേഷ് ഗരിയയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
പ്രതിയായ രമേഷ് ഗരിയയും ഭാര്യ ഗുൽ ഗരിയയും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഭയന്ന ഗുൽ സഹായത്തിനായി മരുമകൾ ലിപി മഹാകുലിന്റെ അടുത്തേക്ക് ഓടിച്ചെന്നു. എന്നാൽ പ്രകോപിതനായ രമേഷ് ചുറ്റികയുമായി പിന്തുടർന്ന് ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. മരുമകളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം നാല് വയസ്സുകാരിയായ പേരക്കുട്ടി ഇഷാനിയെയും ഇയാൾ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. സംഭവസമയത്ത് വീട്ടിലില്ലാതിരുന്ന രമേഷിന്റെ മകൻ ധീരൻ ഗരിയ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ദേവ്ഗഡ് എസ്പി അനിൽ മിശ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുടുംബതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിക്കായി പോലീസ് അയൽവാസികളെയും ഗ്രാമവാസികളെയും ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Summary
In a horrifying incident in Odisha’s Deogarh district, an elderly man named Ramesh Garia allegedly killed his wife, daughter-in-law, and four-year-old granddaughter with a hammer following a domestic dispute.

