
ന്യൂഡൽഹി: കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസിനു താഴെയായതോടെ ഡൽഹിയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത് (North Indian States Weather Report). ആളുകൾ വീടിനുള്ളിൽനിന്നും പുറത്തിറങ്ങാത്ത സാഹചര്യമാണ് രാജ്യതലസ്ഥാനത്ത്.
ഡിസംബർ വന്നാൽ തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. അതനുസരിച്ച്, താപനില കുറയുകയും തണുപ്പ് വർദ്ധിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇന്ന് (ഡിസംബർ 23) താപനില 7 ഡിഗ്രി സെൽഷ്യസിനു താഴെയായതിനാൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞാണു അനുഭവപ്പെടുന്നത്.
ആലിപ്പൂർ, ആനന്ദ് വിഹാർ, ഭാവന, ബുരാരി, തൽഗദോറ റോഡുകളിൽ കടുത്ത തണുപ്പ് ജനജീവിതത്തെ ബാധിച്ചു.അതേസമയം ഡൽഹിയിൽ ഇന്ന് ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ , വായുവിൻ്റെ ഗുണനിലവാരം ഗണ്യമായി കുറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച് വായു ഗുണനിലവാര സൂചിക 409 ആണ്. ആഗ്ര, നോയിഡ, കാൺപൂർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലും ഉത്തർപ്രദേശിൻ്റെ മിക്ക ഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടു. കൊടുംതണുപ്പിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.