Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeNationalശബരിമല കേസ്: അവിശ്വാസികളുടെ ഹർജി എന്തിന് കേൾക്കണം? സുപ്രീം കോടതിയുടെ നിർണ്ണായക...

ശബരിമല കേസ്: അവിശ്വാസികളുടെ ഹർജി എന്തിന് കേൾക്കണം? സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം | Non-believers PIL Sabarimala Case

🎙️ Latest Podcast

ശബരിമല യുവതീ പ്രവേശന കേസിൽ അതീവ നിർണ്ണായകമായ നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. യുവതീ പ്രവേശനത്തിനായി ആദ്യം ഹർജി നൽകിയവർ അയ്യപ്പ വിശ്വാസികളല്ലെന്നും, അങ്ങനെയുള്ളവരുടെ ഹർജികൾ കോടതി എന്തിന് കേൾക്കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു (Non-believers PIL Sabarimala Case). ഇത്തരം വിഷയങ്ങളിൽ വിശ്വാസികൾ അല്ലാത്തവർ ഹർജി നൽകേണ്ടതില്ലെന്നും, യുവതി പ്രവേശനത്തിനുള്ള പൊതുതാൽപര്യ ഹർജി കോടതി സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏതെങ്കിലും അയ്യപ്പ വിശ്വാസി ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ച കോടതി, പല അജണ്ടകളുമായി എത്തുന്നവർ പൊതുതാൽപര്യ ഹർജികളെ മറയാക്കുന്നുണ്ടെന്നും നിരീക്ഷിച്ചു.

അതേസമയം, മതവിശ്വാസത്തിലെ ആചാരങ്ങൾ അന്ധവിശ്വാസമാണോ എന്ന് നിർണ്ണയിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാർ മതത്തിലല്ല, നിയമത്തിലാണ് വിദഗ്ധരെന്നും അതിനാൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മതേതര കോടതിക്ക് കഴിയില്ലെന്നുമുള്ള സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തിനുള്ള പ്രതികരണമായാണ് കോടതിയുടെ ഈ നിരീക്ഷണം. അന്ധവിശ്വാസപരമായ ആചാരങ്ങൾ ഏതാണെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് സോളിസിറ്റർ ജനറൽ ചോദിച്ചിരുന്നു. എന്നാൽ ഇത് കാര്യങ്ങളെ ലളിതവൽക്കരിക്കുന്ന പ്രസ്താവനയാണെന്നും അന്ധവിശ്വാസം തിരിച്ചറിയാൻ കോടതിക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് അമാനുല്ല ചൂണ്ടിക്കാട്ടി.

പൊതുജനാരോഗ്യം, ധാർമ്മികത, ക്രമസമാധാനം എന്നിവ മുൻനിർത്തി മതപരമായ ആചാരങ്ങളിൽ ജുഡീഷ്യൽ റിവ്യൂ സാധ്യമാണെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. മന്ത്രവാദം പോലുള്ളവ മതപരമായ ആചാരമായി കണ്ടാൽ അത് അന്ധവിശ്വാസമായി കണക്കാക്കി നിരോധിക്കാൻ കോടതിക്ക് നിർദ്ദേശം നൽകിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ അത്തരം ആചാരങ്ങൾ നിരോധിക്കുന്നത് അവ അന്ധവിശ്വാസമായതുകൊണ്ടല്ല, മറിച്ച് ആരോഗ്യത്തെയോ ധാർമ്മികതയെയോ ബാധിക്കുന്നത് കൊണ്ടാകണമെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി. ശബരിമല കേസിൽ അവിശ്വാസികളുടെ ഇടപെടലിനെതിരെ കോടതി നടത്തിയ പരാമർശങ്ങൾ വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

Summary: The Supreme Court raised critical questions in the Sabarimala women’s entry case, with Justice B.V. Nagarathna questioning why the court should entertain petitions from non-believers. She noted that the original petitioners were not devotees and argued that PILs filed with specific agendas should not have been accepted. Meanwhile, the bench clarified that courts have the jurisdiction to determine if a religious practice constitutes a superstition, countering Solicitor General Tushar Mehta’s argument that secular courts lack expertise in religious matters. Justices Amanullah and Bagchi emphasized that judicial review is possible when practices affect public health, morality, or law and order.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.