
ബംഗളൂരു: വിസയ്ക്കായി ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പോകേണ്ടതില്ല (Bengaluru to get US Consulate by January 2025). യുഎസ് കോൺസുലേറ്റ് ഓഫീസ് ബെംഗളൂരുവിൽ ഒരുങ്ങുന്നതായി റിപ്പോർട്ട് . ജനുവരിയിൽ എംബസി തുറക്കാനാണ് തീരുമാനം. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിൽ നിന്ന് യുഎസിലേക്ക് പോകേണ്ടവർ വിസ ലഭിക്കാൻ ഹൈദരാബാദിലേക്കോ ചെന്നൈയിലേക്കോ പോകണം. അതിനാൽ ബെംഗളൂരുവിൽ തന്നെ അമേരിക്കൻ കോൺസുലേറ്റ് സ്ഥാപിക്കണമെന്നത് ബെംഗളൂരുവിലെ ജനങ്ങളുടെയും സാങ്കേതിക കമ്പനികളുടെയും ദീർഘകാലമായുള്ള ആവശ്യമാണ്. ഈ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത് .
അടുത്ത വർഷം (2025) ജനുവരിയിൽ ബെംഗളൂരുവിൽ യുഎസ് എംബസി സ്ഥാപിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് കാർ ഷെട്ടി അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ബെംഗളൂരു നിവാസികൾക്ക് യുഎസിലേക്ക് പോകണമെങ്കിൽ, വിസ ലഭിക്കുന്നതിന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പോകേണ്ടി വരുന്ന സാഹചര്യത്തിനാണ് അറുതിയാകുന്നത്.
നേരത്തെ ദക്ഷിണേന്ത്യയിൽ നിന്നും യുഎസ് വിസ ലഭിക്കണമെങ്കിൽ ചെന്നൈയിൽ എത്തണമായിരുന്നു. യുഎസ് കോൺസുലേറ്റ് മാത്രമല്ല, യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ എംബസികളും ചെന്നൈയിലാണ്. ചെന്നൈ വിട്ടാൽ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പോകണം. ക്രമേണ ഹൈദരാബാദിലും എംബസികൾ വന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബെംഗളൂരുവിലും എംബസി വരുന്നത് .