
ന്യൂഡൽഹി: ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരിക്ക് ശേഷം , ചൈനയിൽ വ്യാപകമായി പുതിയൊരു വൈറസ് പടരുന്നതായി റിപ്പോർട്ട്. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി, HMPV) എന്ന വൈറസാണ് പടരുന്നതെന്നാണ് റിപ്പോർട്ട്. ചൈനയിലെ ആശുപത്രികളിൽ വൈറസ് ബാധിതരെ കൊണ്ട് നിറയുന്ന സാഹചര്യമാണെന്നും , ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ചൈന സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം , ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി, ncdc ) അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുകയെന്നും കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകുമെന്നും എൻ.സി.ഡി.സി ഡയറക്ടർ ഡോ. അതുൽ ഗോയൽ വ്യക്തമാക്കി. ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് എൻ.സി.ഡി.സി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ശൈത്യകാലമായതിനാൽ ഇന്ത്യയിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ കൂടുന്ന സീസണാണിത്. ആശുപത്രികളെല്ലാം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലദോഷവും കഫക്കെട്ടുമുള്ളവർ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണമെന്നും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതാക്കണമെന്നും എൻ.സി.ഡി.സി വ്യക്തമാക്കി.
ഇതും വായിക്കുക : ചൈനയില്‍ പൊട്ടിപ്പുറപ്പെടുന്നത് മറ്റൊരു മഹാമാരിയോ? എന്താണ് ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ്? ലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ അറിയാം…
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് വൈറസ് ബാധ അഞ്ച് വർഷം പിന്നിടുമ്പോൾ മറ്റൊരു നിഗൂഢ വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകം. ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേഗം പടരുന്നതായിയാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ചൈനയിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (Human metapneumovirus) (HMPV) പിടിക്കുന്നതയായിയാണ് റിപ്പോർട്ടുകൾ. എന്നാൽ വൈറസ് വ്യാപനത്തെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വൈറസിനെ വ്യാപനത്തെ തടയുന്നതിനായി ചൈനയുടെ അയൽ രാജ്യങ്ങൾ വീണ്ടും സ്ക്രീനിംഗ്, ഐസൊലേഷൻ പ്രോട്ടോക്കോളുകൾ എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തെ തടയുന്നതിനായ നിരവധി മാനദണ്ഡനങ്ങൾ ചൈനയും സ്വീകരിച്ചിട്ടുണ്ട്. ചൈനയിലെ വടക്കൻ പ്രവിശ്യകളിൽ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ നിഗൂഢ വൈറസ് കേസുകൾ വേഗത്തിൽ കണ്ടെത്താനും മറ്റൊരു COVID-19 തരംഗം ഒഴിവാക്കാനും ചൈനസ് സർക്കാർ ശക്തമായ നിരീക്ഷണ സംവിധാനം രാജ്യത്തുടനീളം ഏർപ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ചൈനയിൽ എച്ച്എംപിവി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ രാജ്യത്ത് റിനോവൈറസ് പോലുള്ള മറ്റ് പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും നിലവിലുണ്ട്.
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് HMPV. വൈറസ് എല്ലാ പ്രായക്കാരെയും ഒരു പോലെ ബാധിക്കുന്നു. എന്നിരുന്നാലും, ചെറിയ കുട്ടികൾ, മുതിർന്നവർ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി തിരിച്ചറിയുന്നത്. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, വൈറസിൻ്റെ ലക്ഷണങ്ങൾ ശൈത്യകാലത്ത് സാധാരണ മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമാണ്.
HMPV വൈറസിൻ്റെ പ്രധാന ലക്ഷണങ്ങൾ ഇതാ.
ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസം മുട്ടൽ, തൊണ്ടവേദന എന്നിവയാണ് വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ അണുബാധ ബ്രോങ്കൈറ്റിസ് ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന മറ്റ് വൈറസുകൾക്ക് സമാനമാണ് ഇത്. അണുബാധയുടെ ഇൻകുബേഷൻ കാലയളവ് മൂന്ന് മുതൽ ആറ് ദിവസം വരെയാണ്. അതായത്, അണുബാധയേറ്റ് മൂന്ന് മുതൽ ആറ് ദിവസം വരെ ആളുകൾക്ക് അതിൻ്റെ ലക്ഷണങ്ങൾ കണ്ടേക്കാം.
കുട്ടികളിൽ 10 മുതൽ 12% വരെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെയും കാരണം HMPV വൈറസാണ് എന്ന് ഗവേഷകർ പറയുന്നു. 5% മുതൽ 16% കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധകൾ ഉണ്ടാകാം. എച്ച്‌പിവി ബാധിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു.
HMPV അണുബാധയെ എങ്ങനെ തടയാം?
* വീട്ടിലെത്തിയാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക.
* രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക. നിങ്ങൾക്ക് വൈറസിൻ്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, സാമൂഹിക അകലം പാലിക്കുകയും ഉടൻ തന്നെ ചികിത്സ നേടേണ്ടതാണ്.
* തുമ്മുമ്പോൾ കൈയും വായും മൂടണം.
* ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ, ഡോർക്നോബുകൾ, കളിപ്പാട്ടങ്ങൾ എന്നിവ വൃത്തിയാക്കുക.
വൈറസിന് ചികിത്സയുണ്ടോ?
HMPV അണുബാധ തടയുന്നതിനായി വാക്സിനുകളോ ചികിത്സിക്കാൻ പ്രത്യേക ആൻറിവൈറൽ തെറാപ്പിയോ നിലവിൽ ലഭ്യമല്ല.