ന്യൂഡൽഹി: ഭാവിയിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് സ്ഥാനമുണ്ടാകില്ലെന്നും വാഹന നിർമ്മാതാക്കൾ എത്രയും വേഗം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്ക് മാറണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari Petrol Diesel Ban). ‘ബസ്‌വേൾഡ് ഇന്ത്യ കോൺക്ലേവ് 2025’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎൻജി, എൽഎൻജി, ബയോ ഫ്യൂവലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലേക്ക് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാവിയിലെ പ്രധാന ഇന്ധനം ഹൈഡ്രജനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 10 പ്രധാന റൂട്ടുകളിൽ ഹൈഡ്രജൻ ട്രക്കുകളും ബസുകളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചുതുടങ്ങി. ടാറ്റ മോട്ടോഴ്‌സ്, വോൾവോ, അശോക് ലെയ്‌ലൻഡ് തുടങ്ങിയ കമ്പനികൾ ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.
ഇന്ത്യയിൽ സുലഭമായ എഥനോൾ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിനുകൾ വികസിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറാകണം.ബസുകളുടെ ബോഡി നിർമ്മാണത്തിൽ ഇനി ‘സ്വയം സാക്ഷ്യപ്പെടുത്തൽ’ അനുവദിക്കില്ല. കൃത്യമായ ഫിസിക്കൽ, വീഡിയോ പരിശോധനകൾക്ക് ശേഷം മാത്രമേ ‘വാഹൻ’ പോർട്ടൽ വഴി രജിസ്ട്രേഷൻ അനുവദിക്കൂ.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 1.5 ലക്ഷം ഇലക്ട്രിക് ബസുകൾ ആവശ്യമായി വരും. നിലവിലെ നിർമ്മാണ ശേഷിയിലെ കുറവ് പരിഹരിക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തണം. പെട്രോളിയം ഇറക്കുമതി കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും പരിസ്ഥിതി മലിനീകരണം തടയാനും ഈ മാറ്റം അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
News Summary: Union Transport Minister Nitin Gadkari stated that petrol and diesel vehicles will have no place in India’s future. Speaking at the ‘Busworld India Conclave 2025’, he urged manufacturers to shift towards eco-friendly alternatives like CNG, LNG, electric, and green hydrogen. He highlighted that hydrogen-powered trials have started on 10 major routes with top companies. Additionally, Gadkari announced stricter safety norms for bus body building, ending self-certification. With a projected demand for 1.5 lakh electric buses in three years, he called for increased domestic manufacturing investment.

