പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ വ്യാപകശ്രമം: അതിർത്തിയിൽ സൈന്യം പിടികൂടിയത് 200 ഡ്രോണുകൾ
ന്യൂഡൽഹി: പാകിസ്ഥാൻ അതിർത്തിയിൽ ഈ വർഷം ഇതുവരെ 200 ഡ്രോണുകൾ പിടിച്ചെടുത്തതായി അതിർത്തി രക്ഷാസേന അറിയിച്ചു. പാകിസ്ഥാൻ അതിർത്തിയായ കശ്മീർ, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ പ്രദേശങ്ങളിൽ അതിർത്തി രക്ഷാ സേന പോലീസ് ആണ് ഇത്രയധികം ഡ്രോണുകൾ പിടികൂടിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യൻ പ്രദേശത്തേക്ക് കടത്തുന്നത് പതിവായിട്ടുണ്ടെന്നും , ഇതിനെതിരെ തങ്ങൾ ജാഗ്രതയിലാണെന്നും സുരക്ഷാസേന അറിയിച്ചു. ഇത് തടയാൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വിവിധ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് തുരങ്കങ്ങളിലൂടെയും പൈപ്പ് ലൈനുകളിലൂടെയും ഇന്ത്യൻ അതിർത്തിയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തിയിരുന്നതായി ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു. 2019 മുതൽ ഡ്രോണുകൾ വഴി ആയുധങ്ങൾ കടത്തുന്നുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 4 ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി. ഈ വർഷം ഇതുവരെ 200 ഡ്രോണുകൾ പിടികൂടി- ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.
ഡ്രോണുകളെ വെടിവെച്ച് വീഴ്ത്താൻ തദ്ദേശീയ സാങ്കേതികവിദ്യയിൽ ടി4 എന്ന ആൻ്റി ഡ്രോൺ ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് ആധുനിക ഉപകരണങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് പ്രവേശിക്കുന്ന ഡ്രോണുകളെ ഡി4 ഉപകരണം പ്രവർത്തനരഹിതമാക്കും. ഞങ്ങൾ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ D4 ഡ്രോൺ ഡിറ്ററൻ്റുകൾ ഉപയോഗിക്കുന്നു. അതിർത്തി പ്രദേശത്ത് ഇത് സ്ഥാപിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു-ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു