
ന്യൂഡൽഹി: ഈ മാസം പാർലമെൻ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ, സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ സന്ദർശനം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കോൺഗ്രസ്സ് ആവശ്യപ്പെട്ടു (Manipur Violence). മണിപ്പൂരിലെ "ഇരട്ട എഞ്ചിൻ" സർക്കാരിൻ്റെ സമ്പൂർണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
നവംബർ 25ന് ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് മോദി ആദ്യം മണിപ്പൂരിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണണമെന്നും ദേശീയതലത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ.മേഘചന്ദ്ര സിംഗ്, എഐസിസി സംസ്ഥാന ഇൻചാർജ് ഗിരീഷ് ചോദങ്കർ എന്നിവർക്കൊപ്പം എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ജയറാം രമേശ്, അമിത് ഷായും മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
2023 മെയ് 3 മുതൽ മണിപ്പൂർ കത്തുകയാണ്. ഈ സമയം പ്രധാനമന്ത്രി മോദി ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നു. എന്നാൽ മണിപ്പൂർ സന്ദർശിക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയില്ല. അതുകൊണ്ട് പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം- ജയറാം രമേശ് പറഞ്ഞു.
മണിപ്പൂരിലെ രാഷ്ട്രീയ പാർട്ടികളെയും രാഷ്ട്രീയക്കാരെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയും ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകളെയും മോദി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ദേശീയതലത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നതാണ് അദ്ദേഹം പറഞ്ഞു.
സംഘർഷം രൂക്ഷം: മണിപ്പൂരിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം
വർഗ്ഗീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ 5000 അർദ്ധസൈനികരെ കൂടി അയക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു (Manipur Violence). ജിരിബാം ജില്ലയിൽ 6 പേരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. പിന്നാലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആയുധധാരികളായ സംഘം അഗ്നിക്കിരയാക്കി.
ഇന്നലെ ഇംഫാൽ താഴ്‌വരയിൽ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു. ഇംഫാൽ താഴ്‌വരയിലെ നിയമസഭാ സാമാജികരുടെ വീടുകൾക്ക് പുറത്ത് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നിരുന്നു. ഈ കൂടിയാലോചന യോഗത്തിലാണ് 5000 അർദ്ധസൈനികരെ കൂടി മണിപ്പൂരിലേക്ക് അയക്കാൻ തീരുമാനിച്ചത്.
ഇതിനകം 20 കമ്പനി സുരക്ഷാ സേനയെ മണിപ്പൂരിലെ സംഘർഷ ബാധിത സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്, മൊത്തം 70 കമ്പനി സുരക്ഷാ സേനയെ (7000 അംഗങ്ങൾ) സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിട്ടുണ്ട്. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.