
പ്രയാഗ്‌രാജ്: 2025 ലെ മഹാ കുംഭമേളയ്ക്ക് ഇന്ന് തുടക്കമായതോടെ ലോകമെമ്പാടുമുള്ള ഭക്തർ ഉത്തർപ്രദേശിലെ പുണ്യ സംഗമത്തിനായി എത്തി കൊണ്ടിരിക്കുകയാണ് (Maha Kumbh Mela). മഹാ കുംഭമേളയിൽ വിദേശ സഞ്ചാരികളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ഇറ്റലി, സ്പെയിൻ പോലുള്ള രാജ്യങ്ങളിൽ നിന്നെത്തിയ സഞ്ചാരികൾക്ക് പുതുമയാർന്ന അനുഭവമായിരുന്നു മഹാ കുംഭമേളയുടെ ഒരുക്കങ്ങൾ പകർന്ന് നൽകിയത്. പ്രമുഖ വാർത്ത ഏജൻസിയ എഎൻഐ കുംഭ മേളയ്ക്ക് എത്തിയ വിദേശികളുമായി നടത്തിയ അഭിമുഖത്തിലാണ് വിദേശികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സ്പെയിൻ സ്വദേശിയായ ഫെർമിൻ എസ്കുർഡിയ ഇന്ത്യയിൽ എത്തുവാൻ ഏറെ ആവേശം പ്രകടിപ്പിച്ചിരുന്നതായി അഭിമുഖത്തിൽ പറയുന്നു. ഫെർമിൻ എസ്കുർഡിയ 12 വർഷം മുൻപ് നടന്ന കുംഭ മേളയിൽ പങ്കെടുത്തിരുന്നു. എന്നാൽ അന്ന് നാലു ദിവസം മാത്രമാണ് കുംഭമേളയിൽ പങ്കെടുക്കുവാൻ സാധിച്ചത്. ഇത്തവണ 30 ദിവസം കുംഭ മേളയിൽ പങ്കെടുക്കുവാനാണ് ഫെർമിൻ എസ്കുർഡിയ എത്തിയിരിക്കുന്നത്.
1984-ലെ ആദ്യ സന്ദർശനത്തോടെ താൻ ആറ് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്നും രണ്ട് തവണ കുംഭമേളയിൽ പങ്കെടുത്തിട്ടുണ്ടെന്നും സ്പെയിനിൽ നിന്ന് വന്ന ഹാവിയർ ഡി ഉസ്‌കലേരിയ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറ്റലിയിൽ നിന്നുള്ള ഒരു യാത്രക്കാരൻ മഹാ കുംഭമേളയിലെ ആത്മീയതയുടെ വ്യാപ്തിയിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഇതാദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ഇറ്റലിയിൽ നിന്നുള്ള അന്നയും മഹാ കുംഭ മേളയിൽ പങ്കെടുക്കുന്നതിൽ വളരെയധികം സന്തോഷത്തിലാണ്. ഒരുപാട് വികാരങ്ങളുടെയും വർണ്ണങ്ങളുടെയും സംഗമമാണ് കുംഭമേള എന്നാണ് അന്ന കുംഭമേളയെ വിവരിച്ചത്.
ഇന്ന് രാവിലെ ആരംഭിച്ച മഹാകുംഭമേളയിൽ, രാവിലെ 9:30 ഓടെ 6 ദശലക്ഷം ഭക്തർ പുണ്യസ്നാനം നടത്തിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യ സംഗമത്തിൽ കുളിക്കാൻ ലോകമെമ്പാടുമുള്ള ഭക്തർ ഒത്തുകൂടി. ആദ്യത്തെ പ്രധാന ഷാഹി സ്നാനം അഥവാ അമൃത് സ്നാനം ചൊവ്വാഴ്ച മകരസംക്രാന്തിയുടെ വേളയിൽ നടക്കുന്നതാണ്. 45 ദിവസം നീണ്ടുനിൽക്കുന്ന മഹാകുംഭമേള എക്കാലത്തെയും വലിയ മനുഷ്യസംഗമത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷയിലാണ്. 40 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് അനുമാനിക്കുന്നത്.