Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeNationalമധ്യപ്രദേശിൽ വടി കൊണ്ട് സ്ത്രീയെ അതിക്രൂരമായി മർദ്ദിച്ചു, ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തെ...

മധ്യപ്രദേശിൽ വടി കൊണ്ട് സ്ത്രീയെ അതിക്രൂരമായി മർദ്ദിച്ചു, ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്ന്, വീഡിയോ | Madhya Pradesh Woman Beaten

🎙️ Latest Podcast

മധ്യപ്രദേശിലെ സിദ്ദ് ജില്ലയിൽ ഒരു സ്ത്രീയെ വടി കൊണ്ട് അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച രാവിലെ (ഫെബ്രുവരി 8) 10.30 ഓടെ ഭൻവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൻവാർ ഗ്രാമത്തിലെ ഒരു പച്ചക്കറിക്കടയിലാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു (Madhya Pradesh Woman Beaten). മർദ്ദനത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ബിജെപി നേതാവ് സ്ത്രീയെ മർദ്ദിച്ചതെന്നും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ തകർന്നെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യം നേടി. സ്ത്രീകൾക്കെതിരെ ബിജെപി നേതാക്കൾ നടത്തുന്ന അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി സംസ്ഥാന കോൺഗ്രസ് മേധാവി ജിതു പട്വാരി ആരോപിച്ചു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ സംഭവത്തിന് രാഷ്ട്രീയ നിറം കൈവന്നു.

ഹേമ സിംഗ് എന്ന സ്ത്രീയെ സന്തോഷ് പഥക്കും സഹായും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സന്തോഷ് പഥക്,സഹായി രാഹുൽ ദ്വിവേദി എന്നിവർക്കെതിരെ ബിഎൻഎസ് സെക്ഷൻ 296(ബി), 115(2), 351(3), എന്നിവ പ്രകാരം കേസ് ഫയ‍ൽ ചെയ്തെന്ന് സിദ്ധി അഡീഷണൽ പോലീസ് സൂപ്രണ്ട് അരവിന്ദ് ശ്രീവാസ്തവ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒളിവിലാണെന്നും പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നായിരുന്നു അക്രമമെന്നും സന്തോഷ് പഥകിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അരവിന്ദ് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

തന്‍റെ പച്ചക്കറി സ്റ്റാൾ പഥക്കിന്‍റെതാണെന്ന് രാഹുൽ ദ്വിവേദി തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്ക് അനുവദിച്ച സ്ഥലത്ത് അത് വയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകിയെന്നും ഹേമ സിംഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അല്പ സമയം കഴിഞ്ഞ് അവിടെ എത്തിയ ഇരുവരും ചേർന്ന് തന്നെ വടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും ഇവരുടെ പരാതിയിൽ പറയുന്നു. വീഡിയോയിൽ ഹേമയെ മർദ്ദിക്കുന്ന സന്തോഷ് ഉത്തരേന്ത്യയിൽ ബിജെപി പ്രവർത്തകർ സാധാരണ ധരിക്കുന്ന കോട്ട് ധരിച്ചിരിക്കുന്നത് കാണാം. ഇയാൾ സ്ത്രീയെ വടി കൊണ്ട് അതിക്രുരമായി മ‍ർദ്ദിക്കുകയും അവർ നിലത്ത് വീണപ്പോൾ ചവിട്ടുകയും ചെയ്യുന്നതും കാണാം. ഒപ്പം അസഭ്യം പറയുന്നതും വീഡിയോയിൽ കേൾക്കാം. മധ്യപ്രദേശിലെ സിഹാവൽ നിയമസഭാ മണ്ഡലത്തിലെ ബിജെപി നേതാവാണ് സന്തോഷ് പഥകെന്നും റിപ്പോർട്ടുകൾ പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.