ന്യൂഡൽഹി: ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിർണ്ണായകമായ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര സർക്കാരിന് പാസാക്കാനായില്ല (Lok Sabha 850 Seats Bill Failed). പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് വോട്ടെടുപ്പിൽ ബില്ലിന് ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ലഭിച്ചില്ല.
ഭരണഘടനാ ഭേദഗതിയായതിനാൽ ബിൽ പാസാകാൻ സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അത്യാവശ്യമായിരുന്നു. 489 പേരാണ് ആകെ വോട്ട് ചെയ്തത്. ഇവരിൽ 278 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 211 പേർ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു. ബിൽ പാസാകാൻ ആവശ്യമായ 326 വോട്ടുകൾ (489-ന്റെ 2/3 ഭാഗം) ലഭിക്കാത്തതിനാൽ ബിൽ പരാജയപ്പെട്ടു.
ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആക്കി ഉയർത്തുക. 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം ഉറപ്പാക്കുക തുടങ്ങിയവയാണ് ബില്ലിലൂടെ നടപ്പാക്കാൻ കേന്ദ്രസർക്കാർ ഉദ്ദേശിച്ചത്.
അതേസമയം , ബില്ലിനെ എതിർത്ത ‘ഇന്ത്യ’ (INDIA) സഖ്യത്തിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷവിമർശനം നടത്തി. പ്രതിപക്ഷം വനിതാ ശാക്തീകരണത്തിന് എതിരാണെന്നും വിവിധ ഉപാധികൾ വെച്ച് ബില്ലിനെ തുരങ്കം വെക്കാനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഭരണഘടനാപരമായ മാറ്റങ്ങളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെ എതിർത്തത്.
ബിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സഭ ശനിയാഴ്ച രാവിലെ 11 മണി വരെ പിരിഞ്ഞു.
Story Summary: The Constitutional Amendment Bill to increase Lok Sabha seats to 850 and implement women’s reservation failed in the Lok Sabha due to lack of a two-thirds majority. Amit Shah slammed the opposition for voting against the bill.

