ന്യൂഡൽഹി: ഒരു കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയെന്ന കേസിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി കോടതി വെറുതെ വിട്ടു (Lawrence Bishnoi acquitted Delhi court). ബിഷ്ണോയിയെ കൂടാതെ ഹരേൻ ശരപ്ദാദിയ, ആശിഷ് ശർമ്മ എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നൂപുർ ഗുപ്ത കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ഫോൺ കോളുകളുടെ റെക്കോർഡുകളോ മറ്റ് ശാസ്ത്രീയ തെളിവുകളോ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. കേസ് പ്രധാനമായും സഹപ്രതികളുടെ മൊഴികളെ മാത്രമാണ് ആശ്രയിച്ചതെന്നും പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്നോ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നോ തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐപിസി 386 (പിടിച്ചുപറി) പ്രകാരമുള്ള കുറ്റം നിലനിൽക്കണമെങ്കിൽ പണമോ വസ്തുവകകളോ കൈമാറ്റം ചെയ്യപ്പെടണം. എന്നാൽ ഈ കേസിൽ പണം ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്ന് കോടതി വ്യക്തമാക്കി.
രമൺ ദീപ് സിങ് എന്നയാൾ നൽകിയ പരാതിയിൽ ഡൽഹി സൺലൈറ്റ് കോളനി പോലീസാണ് കേസെടുത്തിരുന്നത്. 2023 ഏപ്രിലിൽ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നും നൽകാത്ത പക്ഷം ജീവൻ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
മാർച്ച് ആറിന് (2026) ജാമ്യരേഖകൾ സമർപ്പിച്ചതിനെത്തുടർന്ന് മൂന്ന് പേരെയും വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. 20,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. മറ്റ് നിരവധി കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്ണോയിക്ക് ഈ വിധി വലിയ ആശ്വാസമാണ്.
Story Summary:
A Delhi court has acquitted notorious gangster Lawrence Bishnoi and two others in a ₹1 crore extortion and death threat case. Chief Judicial Magistrate Nupur Gupta cleared Bishnoi, Haren Sarapdadia, and Ashish Sharma due to a lack of substantial evidence. The court noted that the police failed to provide phone call records or scientific proof, relying solely on co-accused statements. The case was registered in 2023 following a complaint by Raman Deep Singh.

