
ലക്നൗ: യു.പിയിലെ ഝാൻസിയിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യു.പി സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു (Jhansi hospital fire). പരിക്കേറ്റ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിനും യു.പി സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യമുണ്ടായിരുന്നു.
അതേസമയം , സംഭവത്തിൽ ആശുപത്രി ഭരണസമിതിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. സമാജ്‍വാദി പാർട്ടിയാണ് മഹാറാണ് ലക്ഷ്മി ഭായി മെഡിക്കൽ കോളജ് ഭരണസമിതിക്കെതിരെ വിമർശനം ഉന്നയിച്ചത്. യോഗി ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ആശുപത്രികൾ കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും പ്രതീകമായി മാറിയെന്നും എസ്.പി ആരോപിച്ചു.