
ശ്രീനഗർ: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഡ്രസ് കോഡ് നിയമപ്രകാരം വനിതാ അഭിഭാഷകർക്ക് ബുർഖ ധരിച്ച് കോടതി നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജമ്മു-കശ്മീർ, ലഡാക്ക് ഹൈക്കോടതി (Jammu and Kashmir High Court) ഉത്തരവിട്ടു.
ഡിസംബർ 13ന് സയ്യിദ് ഐനൈൻ ഖാദ്രി എന്ന് സ്വയം പരിചയപ്പെടുത്തിയ വനിതാ അഭിഭാഷക മുഖം മറച്ചാണ് കോടതിയിൽ ഹാജരായത്. ഇത് ചൂണ്ടിക്കാട്ടി ബുർഖ ധരിച്ച് കോടതിയിൽ ഹാജരാകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഡിസംബർ 13ന് പുറപ്പെടുവിച്ച ഉത്തരവിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പ്രകാരമുള്ള വ്യവസ്ഥകൾ ജസ്റ്റിസ് മോക്ഷ ഖജൂരിയ കാസ്മി ഉദ്ധരിച്ചു.
നവംബർ 27 ന് കേസ് പരിഗണിച്ച ജസ്റ്റിസ് രാഹുൽ ഭാരതിയാണ് ഈ വാദം ഇട്ടത്. സയ്യിദ് ഐനൈൻ ഖാദ്രി ഒരു അഭിഭാഷകനാണെന്ന് സ്വയം കോടതിയെ പരിചയപ്പെടുത്തി. മുഖം മറച്ച് ഹാജരാകുന്നത് തൻ്റെ അവകാശമാണെന്നും പർദ്ദ നീക്കാൻ കോടതിക്ക് നിർബന്ധിക്കാനാകില്ലെന്നും യുവതി അവകാശപ്പെട്ടു. ഗാർഹിക പീഡന പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ ഹരജിക്കാരനെ പ്രതിനിധീകരിക്കുകയാണെന്ന് അവർ കോടതിയെ അറിയിച്ചു. എന്നാൽ ബുർഖ നീക്കം ചെയ്ത് വാദങ്ങൾ അവതരിപ്പിക്കണമെന്ന് ജസ്റ്റിസ് രാഹുൽ ഭാരതി നിർദ്ദേശിച്ചപ്പോൾ അത് തൻ്റെ മൗലികാവകാശങ്ങളെ ഹനിക്കുമെന്ന് പറഞ്ഞ് ബുർഖ അഴിക്കാൻ വിസമ്മതിച്ചു. അങ്ങനെ, അഭിഭാഷകൻ്റെ ഐഡൻ്റിറ്റി ഉറപ്പുനൽകാൻ കഴിയാത്തതിനാൽ വനിതാ അഭിഭാഷകയെ കേസ് അവതരിപ്പിക്കുന്നതിൽ നിന്ന് കോടതി വിലക്കി.
തുടർന്ന് കേസ് മാറ്റിവെക്കുകയും ബുർഖ ധരിച്ച് വാദിക്കുന്നത് അനുവദനീയമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർ ജനറലിനോട് കോടതി ഉത്തരവിടുകയും ചെയ്തു. ബുർഖ ധരിച്ച് വാദങ്ങൾ അനുവദിക്കാൻ വ്യവസ്ഥയില്ലെന്ന് വിഷയം അന്വേഷിച്ച രജിസ്ട്രാർ ജനറൽ ഡിസംബർ അഞ്ചിന് കോടതിയെ അറിയിച്ചു. രജിസ്ട്രാറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം, ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിച്ച ചട്ടങ്ങളിൽ അത്തരം അവകാശങ്ങളൊന്നും പരാമർശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, വീണ്ടും ഹാജരാകേണ്ടതില്ലെന്ന് അഭിഭാഷകൻ തീരുമാനിച്ചതിനാൽ കോടതി വിഷയത്തിലേക്ക് കടന്നില്ല. പിന്നീട് മറ്റൊരു അഭിഭാഷകൻ ഹരജിക്കാരന് വേണ്ടി ഹാജരായി, ഹർജി ഡിസംബർ 13ന് കോടതി തള്ളി.