ചെന്നൈ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൊവിഡ് കാലത്തെപ്പോലെ ജനങ്ങൾ തയ്യാറെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. “തയ്യാറെടുക്കേണ്ടത് ജനങ്ങളല്ല, സർക്കാരാണ്. ഉത്തരവാദിത്തം ജനങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്നത് എന്തിനാണ്?” എന്ന് അദ്ദേഹം ചോദിച്ചു.(Is PM Modi prepared to protect the interests of the people? MK Stalin lashes out)
ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ മോദി തയ്യാറാണോ എന്നതാണ് രാജ്യം ചോദിക്കുന്ന ഏക ചോദ്യമെന്ന് സ്റ്റാലിൻ പറഞ്ഞു. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്നതിന് പകരം ജനങ്ങളെ ഉപദേശിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഗ്യാസ് സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കണമെന്നും പ്രവാസികളെ നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് പലതവണ കത്തുകൾ അയച്ചിട്ടും പ്രധാനമന്ത്രിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്നാഴ്ചയായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം ലോകത്താകെയും ഇന്ത്യയിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യ നിലവിൽ 41 രാജ്യങ്ങളിൽ നിന്നാണ് ക്രൂഡ് ഓയിൽ എത്തിക്കുന്നത്. പെട്രോളും ഡീസലും ആവശ്യത്തിന് സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യം രാജ്യത്തുണ്ട്. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ എൽ.പി.ജി ടാങ്കറുകൾക്ക് നാവികസേന സുരക്ഷയൊരുക്കുന്നുണ്ട്. ഇറാനിൽ നിന്ന് 700 മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരം പേരെ ഇതിനകം ഇന്ത്യയിൽ തിരിച്ചെത്തിച്ചു. കപ്പൽ നിർമ്മാണ മേഖലയിൽ 70,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നും മോദി അറിയിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങളുമായും അമേരിക്കയുമായും ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സമാധാനത്തിന്റെ സന്ദേശം പാർലമെന്റിൽ നിന്ന് ഒറ്റക്കെട്ടായി ലോകത്തിന് നൽകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

