
സുപ്രീം കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയ നായ സ്നേഹികളെ വിമർശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. 'തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാലുവയസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ നായ സ്നേഹികളുടെ കരുണ എവിടെയായിരുന്നു?' രാം ഗോപാല്‍ വര്‍മ ചോദിച്ചു. നായ്ക്കളെ സ്നേഹിക്കുന്നെങ്കില്‍ അവയെ ദത്തെടുത്ത് വളര്‍ത്തണമെന്നും പാവപ്പെട്ടവരുടെ ജീവനും വിലയുണ്ടെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞു.
"സുപ്രീംകോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് നായ്ക്കള്‍ക്കെതിരായ അനീതിയെക്കുറിച്ച് നിലവിളിച്ച് സംസാരിക്കുന്ന നായ പ്രേമികളേ... ഓരോ വര്‍ഷവും ആയിരങ്ങള്‍ ആക്രമിക്കപ്പെടുന്നതുപോലെ ഒരു നാലുവയസുകാരൻ പകല്‍വെളിച്ചത്തില്‍ തെരുവിൽ കൊല്ലപ്പെട്ടപ്പോൾ ഇവര്‍ എവിടെയായിരുന്നു? അപ്പോൾ നിങ്ങളുടെ കരുണ എവിടെയായിരുന്നു? അല്ലെങ്കിൽ വാലാട്ടുന്നവര്‍ക്ക് മാത്രമാണോ കരുണ? മരിച്ച കുട്ടികൾക്ക് അത് ബാധകമല്ലേ?
ശരിയാണ്, നായകളെ സ്നേഹിക്കുന്നതിൽ തെറ്റില്ല. ഞാനും അവരെ സ്നേഹിക്കുന്നു. എന്നാല്‍, നിങ്ങളുടെ വീടുകളിൽ, നിങ്ങളുടെ ആഡംബര ബംഗ്ലാവുകളിൽ, മനോഹരമായ പൂന്തോട്ടത്തില്‍ അവയെ സ്നേഹിച്ചുകൊള്ളൂ. ഇറക്കുമതി ചെയ്ത ലാബ്രഡോറുകളെയും, പെഡിഗ്രി ഹസ്‌കികളെയും, ബ്രീഡർമാരിൽ നിന്ന് വാങ്ങിയ ഹൈ-ബ്രീഡ് വളര്‍ത്തുമൃഗങ്ങളേയും സ്നേഹിക്കൂ, അവരെ നോക്കാൻ സ്റ്റാഫിനെ നിയമിക്കൂ. പക്ഷേ സത്യം ഇതാണ്, നായ ഭീഷണി നിങ്ങളുടെ ആംഡബര വില്ലകളിൽ ഇല്ല. അത് തെരുവിലും ചേരികളിലും ഉണ്ട്. അത് ചെരിപ്പില്ലാതെ കളിക്കുന്ന കുട്ടികളുള്ള വഴികളിൽ അലഞ്ഞു തിരിയുന്നു. അവരെ സംരക്ഷിക്കാന്‍ അവിടെ വേലികളും ഗേറ്റുകളും ഇല്ല. സമ്പന്നർ തങ്ങളുടെ തിളക്കമുള്ള വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുമ്പോൾ, ദരിദ്രർ പരിക്കേറ്റവരെ ചികിത്സിക്കാനും മരിച്ചവരെ അടക്കാനുമുള്ള ഗതികേടിലാണ്.
നിങ്ങൾ നായ്ക്കളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, കുട്ടികളുടെ അവകാശമോ? ജീവിക്കാൻ ഉള്ള അവകാശമോ? മാതാപിതാക്കൾക്ക് തന്റെ കുട്ടി വളരുന്നത് കാണാനുള്ള അവകാശമോ? നിങ്ങളുടെ നായ സ്നേഹം കാരണം ആ അവകാശങ്ങൾ അപ്രത്യക്ഷമാകുന്നോ? പെഡിഗ്രി വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ള നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളേക്കാൾ കുറവാണോ അവരുടെ ജീവന്റെ വില?
ഇതാണ് നിങ്ങൾക്ക് കേൾക്കാൻ താല്പര്യമില്ലാത്ത സത്യം, സന്തുലിതമല്ലാത്ത കരുണ അനീതിയാണ്. നിങ്ങൾ നായകളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവയെ ദത്തെടുക്കൂ, ഭക്ഷണം കൊടുക്കൂ, നിങ്ങളുടെ സുരക്ഷിതമായ വീടുകളിൽ സംരക്ഷിക്കൂ. അല്ലെങ്കിൽ പരിഹാരം കൊണ്ടുവരാൻ സർക്കാരില്‍ സമ്മർദം ചെലുത്തൂ. പക്ഷേ, നിങ്ങളുടെ സ്നേഹം തെരുവിന് ഒരു ഭാരമാകരുത്, അത് മറ്റൊരാളുടെ കുഞ്ഞിന്റെ മരണത്തിൽ കലാശിക്കരുത്. സമ്പന്നരുടെ നായ സ്നേഹത്തിന്റെ വിലയായി ദരിദ്രരുടെ രക്തം നല്‍കേണ്ടി വരരുത്. ഒരു കുഞ്ഞിന്റെ ജീവനേക്കാൾ ഒരു തെരുവ് നായയുടെ ജീവന് വില കൊടുക്കുന്ന സമൂഹം ഇതിനകം തന്നെ തന്റെ മാനുഷികത നഷ്ടപ്പെടുത്തി കഴിഞ്ഞു." - രാം ഗോപാല്‍ വര്‍മ എക്സിൽ കുറിച്ചു.