ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുക്കുലുക്കിയ മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. തെളിവുകളില്ലാത്ത കേസില്‍ എന്തിനാണ് പ്രതികളെ ഉള്‍പ്പെടുത്തിയതെന്ന് ചോദിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.(I am not a thief, Arvind Kejriwal’s tearful innocence proves a huge blow to CBI and BJP)
മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതിനോ അഴിമതി നടത്തിയതിനോ യാതൊരുവിധ തെളിവുകളും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. ആരോപണങ്ങള്‍ സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികളോ തെളിവുകളോ ഇല്ലാത്തതിനാല്‍ പ്രതികള്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.
വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട അരവിന്ദ് കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞു. “ഞാനൊരു കള്ളനല്ല, അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്ന് ഇന്ന് കോടതി പറഞ്ഞിരിക്കുന്നു” എന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.
തന്നെ കള്ളനെന്ന് വിളിച്ച് ആറുമാസം ജയിലിലിട്ടു. രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധി തിരിച്ചടിയായ സാഹചര്യത്തില്‍, ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് സിബിഐയുടെ തീരുമാനം. വിധി വിശദമായി പഠിച്ചുവരികയാണെന്നും എത്രയും വേഗം മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
2022-ല്‍ അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയ എടുത്ത തീരുമാനങ്ങള്‍ ഖജനാവിന് 580 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് കേസിന് ആധാരമായത്. തുടര്‍ന്ന് സിബിഐയും ഇഡിയും കെജ്‌രിവാളിനെയും സിസോദിയയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐ കേസില്‍ വിടുതല്‍ ലഭിച്ചത് കെജ്‌രിവാളിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.

