റായ്‌പൂർ: ഛത്തീസ്‌ഗഡിനെ നക്സലിസത്തിൽ നിന്ന് മുക്തമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തു പകർന്ന് ബസ്തർ മേഖലയിൽ 108 മാവോയിസ്റ്റുകൾ ഒരേസമയം കീഴടങ്ങി. ബുധനാഴ്ച നടന്ന ചടങ്ങിൽ 44 സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാരാണ് ആയുധം വെച്ച് കീഴടങ്ങിയത്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഇത്രയധികം പണവും സ്വർണ്ണവുമായി ഒരു സംഘം കീഴടങ്ങുന്നത് ആദ്യമായാണെന്ന് അധികൃതർ വ്യക്തമാക്കി.(Huge success in Maoist hunt, 108 Maoists surrender in Bastar)
കീഴടങ്ങിയ സംഘത്തിൽ നിന്ന് അത്യാധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. എകെ 47, ഇൻസാസ് റൈഫിൾ, കാർബൈൻ, ബിജിഎൽ തുടങ്ങി 101 ആയുധങ്ങൾ, 3.61 കോടി രൂപയുടെ കറൻസി, 1.64 കോടി രൂപ വിലമതിക്കുന്ന 125 പവനോളം സ്വർണ്ണം എന്നിവയാണ് കണ്ടെടുത്തത്.
ജഗദൽപൂരിലെ ബസ്തർ ഡിവിഷൻ ആസ്ഥാനത്ത് ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ അംഗങ്ങളാണ് കീഴടങ്ങിയത്. ഇതിൽ 6 ഡിവിസിഎം ലെവൽ നേതാക്കളും ഉൾപ്പെടുന്നു. കീഴടങ്ങിയവരിൽ ആറുപേരുടെ തലയ്ക്ക് എട്ടു ലക്ഷം രൂപ വീതം സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു. ബിജാപൂർ, നാരായൺപൂർ, സുക്മ, ദന്തേവാഡ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഛത്തീസ്‌ഗഡ് സർക്കാരിന്റെ ‘പൂന മാർദം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കൂട്ടക്കീഴടങ്ങൽ സാധ്യമായതെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. .

