
ചെന്നൈ: മഴ തുടരുന്നതിനാൽ തമിഴ്‌നാട്ടിലെ ചില ജില്ലകളിൽ ബസുകൾ ഓടിക്കരുതെന്ന് ഗതാഗത വകുപ്പ് ഡ്രൈവർമാർക്ക് നിർദേശം നൽകി (Heavy rainfall). ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മൂലം തഞ്ചാവൂർ, മയിലാടുതുറൈ, ചെന്നൈ, കടലൂർ ഉൾപ്പെടെയുള്ള ചില ജില്ലകളിൽ നല്ല മഴ പെയ്യുന്നുണ്ട്. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഇന്നും നാളെയും ഡെൽറ്റ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് ബസ് ഡ്രൈവർമാർക്ക് ചില നിർദേശങ്ങൾ നൽകിയിരിക്കുന്നത്. തെക്കൻ ജില്ലകളിലേക്കുള്ള ദീർഘദൂര ബസുകൾ വനാതിർത്തിയിലെ റോഡുകളിലൂടെ ശ്രദ്ധയോടെ ഓടിക്കണം, വെള്ളക്കെട്ടുള്ള റൂട്ടുകളിൽ ബസുകൾ ഓടിക്കരുത്, ബസുകളിൽ മഴവെള്ളം കയറുന്നത് പോലെയുള്ള അപാകതകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ മാനേജരെ അറിയിച്ച് ഇക്കാര്യം പരിഹരിക്കണം , തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.