
ചെന്നൈ: ചെന്നൈയിൽ ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികളും പൊതുജനങ്ങളും വലഞ്ഞു (Rainfall alert for Chennai).ആൻഡമാൻ കടലിനു മുകളിൽ രൂപംകൊണ്ട ന്യൂനമർദം ക്രമേണ ശക്തി പ്രാപിക്കുകയും മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ വ്യാപിക്കുകയും ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ തമിഴ്‌നാട് ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതുമൂലം ഡിസംബർ 23 വരെ മിതമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പ്രത്യേകിച്ച് ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിൽ ഇന്ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതിനനുസരിച്ച് ഇന്ന് രാവിലെ മുതൽ ചെന്നൈയിൽ കനത്ത മഴ പെയ്യുകയാണ്.
ചേപ്പാക്കം, എഗ്മോർ, അഡയാർ, തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. ഓഫീസ് സമയങ്ങളിൽ കനത്ത മഴ പെയ്തത് സ്‌കൂൾ, കോളേജ്, ജോലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർ ഏറെ ബുദ്ധിമുട്ടി. കൂടാതെ മേഘാവൃതമായതിനാൽ വെളിച്ചക്കുറവ് മൂലം ഹെഡ്ലൈറ്റ് കത്തിച്ചാണ് വാഹനങ്ങൾ ഓടിക്കുന്നത്.