
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വിമാനസർവീസുകൾ വൈകുന്നതായി റിപ്പോർട്ട് (Delhi Weather Updates). ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തിരികെയും പോകുന്ന വിമാനങ്ങളാണ് അധികവും വൈകുന്നത്. ഡൽഹിയുടെ പല ഭാഗങ്ങളിലും മൂടൽമഞ്ഞിന് പുറമേ നേരിയ മഴയും പെയ്യുന്നുണ്ട്. ദൃശ്യപരത കുറവായതിനാൽ റോഡപകടങ്ങൾ വർദ്ധിക്കുന്നതായാണ് വിവരം. നിലവിൽ ഡൽഹിയിൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നിരവധി ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്.വിവിധയിടങ്ങളിൽ നിന്നും വരുന്ന 20-ലധികം ട്രെയിനുകൾ 7-8 മണിക്കൂർ വൈകിയാണ് ഡൽഹിയിലെത്തുന്നത്. തെലങ്കാന എക്‌സ്‌പ്രസ്, ലക്നൗ മെയിൽ, ഹംസഫർ എക്‌സ്‌പ്രസ് തുടങ്ങിയ ദീർഘദൂര സർവീസുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.