മുംബൈ: പാത്രത്തിൽ വെച്ചിരുന്ന മീൻ കാണാതായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുംബൈയിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി (Goregaon Murder Case). ഫെബ്രുവരി 24-ന് മുംബൈയിലെ ഗോരേഗാവിലാണ് നടുക്കുന്ന സംഭവം നടന്നത്. അഫ്സർ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ സുരേഷ്, രാജേഷ് രമേശ്‌നാഥ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രി കച്ചവടക്കാരായ മൂവരും ചേർന്ന് താമസസ്ഥലത്ത് മീൻ കറി വെച്ചിരുന്നു. മീൻ പാകം ചെയ്ത ശേഷം മൂവരും ഉറങ്ങി. ഈ സമയത്താണ് പാത്രത്തിലുണ്ടായിരുന്ന മീൻ എലികൾ ഭക്ഷിച്ചത്. പിന്നീട് ഉണർന്ന സുരേഷും രാജേഷും പാത്രം കാലിയായി കിടക്കുന്നത് കണ്ട് അഫ്സർ ഒറ്റയ്ക്ക് മീൻ മുഴുവൻ കഴിച്ചതാണെന്ന് സംശയിച്ചു. ഇതേച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലെത്തുകയും പ്രതികൾ അഫ്സറിനെ ക്രൂരമായി മർദ്ദിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതികൾ ഹരിയാനയിലേക്ക് കടന്നു. പ്രതികളുടെ പക്കൽ മൊബൈൽ ഫോണോ തിരിച്ചറിയൽ രേഖകളോ ഇല്ലാതിരുന്നത് പോലീസിന് വലിയ വെല്ലുവിളിയായി. പ്രദേശത്തെ അൻപതോളം ആക്രി പെറുക്കുന്നവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരേഷിനെ ഹരിയാനയിൽ നിന്നും രാജേഷിനെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് വാൻറായ് പോലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളായ രാജേഷ് മുൻപ് കൊലപാതകവും പിടിച്ചുപറിയും ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Summary
A 35-year-old man named Afsar was brutally murdered by his two friends in Mumbai after a dispute over a pan of missing fish. The accused, Suresh and Rajesh, suspected Afsar of eating all the fish while they slept, whereas investigations revealed that rats had actually consumed it.

