ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള എണ്ണ വിതരണത്തെ ബാധിച്ചതോടെ സഹായം അഭ്യർത്ഥിച്ച് അയൽരാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ പിന്തുണ തേടിയത്.(Fuel crisis deepens, Countries including Bangladesh seek help from India)
കടുത്ത ഊർജ്ജ ക്ഷാമം നേരിടുന്ന ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് ഡീസൽ വിതരണമാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. അസമിലെ റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസൽ ലഭ്യമാക്കണമെന്നാണ് ബംഗ്ലാദേശിന്റെ അഭ്യർത്ഥന. 2017 മുതൽ ഈ റിഫൈനറിയിൽ നിന്ന് ഇന്ത്യ ബംഗ്ലാദേശിന് ഇന്ധനം നൽകുന്നുണ്ട്.
ഇന്ധന ലഭ്യത കുറഞ്ഞതോടെ ബംഗ്ലാദേശിലെ സർവ്വകലാശാലകൾ അടച്ചുപൂട്ടുകയും ഇന്ധന റേഷനിംഗ് ഏർപ്പെടുത്തുകയും ചെയ്തു. ആവശ്യമായ ഊർജ്ജത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്. അയൽരാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇന്ത്യയിലെ ഇന്ധന ഉൽപ്പാദന നിലവാരവും ആഭ്യന്തര ആവശ്യങ്ങളും വിലയിരുത്തിയ ശേഷമേ കയറ്റുമതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാണെങ്കിലും പെട്രോൾ, ഡീസൽ വിതരണത്തെ നിലവിൽ പശ്ചിമേഷ്യൻ പ്രതിസന്ധി ബാധിച്ചിട്ടില്ല എന്നത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യൻ സംഘർഷം കടുപ്പമേറിയതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു.

