ന്യൂഡൽഹി: ബി.സി.സി.ഐ മുൻ പ്രസിഡൻ്റ് ഐ.എസ്. ബിന്ദ്ര (84) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. ജഗ്മോഹൻ ഡാൽമിയക്കൊപ്പം ചേർന്ന് ബി.സി.സി.ഐയെ സമ്പന്നമായ കായിക സംഘടനയാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അതുല്യമാണ്.(Former BCCI President IS Bindra passes away)
1993 മുതൽ 1996 വരെ ബി.സി.സി.ഐ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1994-ൽ ക്രിക്കറ്റ് സംപ്രേഷണത്തിൽ ദൂരദർശനുണ്ടായിരുന്ന കുത്തകാവകാശം തകർത്തത് ബിന്ദ്രയുടെ വിപ്ലവകരമായ നീക്കമായിരുന്നു. 1987, 1996 വർഷങ്ങളിൽ ഇന്ത്യ ലോകകപ്പിന് വേദിയായതിന് പിന്നിൽ മുഖ്യ പങ്ക് വഹിച്ചു. പഞ്ചാബിലെ വിഖ്യാതമായ മൊഹാലി സ്റ്റേഡിയം നിർമ്മിച്ചത് ബിന്ദ്രയുടെ നേതൃത്വത്തിലാണ്.
ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി ആതിഥേയത്വം വഹിച്ച 1987-ലെ ലോകകപ്പ് ചരിത്രത്തിൽ ബിന്ദ്രയുടെ പേര് സുവർണ്ണാക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന സാഹചര്യം വന്നപ്പോൾ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
അതിർത്തിയിൽ സൈനിക നീക്കങ്ങൾ നടക്കുന്നതിനിടെ 1987 ഫെബ്രുവരിയിൽ അന്നത്തെ പാക് പ്രസിഡന്റ് ജനറൽ സിയാ ഉൾ ഹഖിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത് ബിന്ദ്രയായിരുന്നു. മത്സരം കാണാൻ ഹഖ് എത്തിയത് ഇരുരാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുകാനും ലോകകപ്പ് വിജയകരമായി നടത്താനും വഴിയൊരുക്കി.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിന്റെ സ്പെഷ്യൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 മുതൽ 2014 വരെ നീണ്ട കാലയളവിൽ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ചുക്കാൻ പിടിച്ചതും ബിന്ദ്രയായിരുന്നു. സംസ്കാരം ഡൽഹിയിൽ നടക്കും.



