
ഗഡഗ്: കർണാടകയിലെ നരഗുണ്ട് ടൗണിലെ മാൻഹോളിൽ വീണ എരുമയെ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി (Buffalo stuck inside manhole).നരഗുണ്ട് താലൂക്കിലെ ഹുനാശികട്ടി വില്ലേജിലെ ശിവപ്പ ഹഡപ്പയുടെ ഉടമസ്ഥതയിലുള്ള എരുമയാണ് നരഗുണ്ടിലെ ജിടിടിസി കോളേജ് വളപ്പിലെ തുറന്ന മാൻഹോളിൽ വീണത്. ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് കോളേജ് വിദ്യാർത്ഥികൾ മൃഗത്തെ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, വിജയിച്ചില്ല.
ഒടുവിൽ അഗ്നിശമന സേനാംഗങ്ങൾ എത്തി എരുമയെ പുറത്തെടുക്കാൻ ശ്രമിച്ചു. എരുമയെ കെട്ടാൻ കഴിയാതെ, അഗ്നിശമന സേനാംഗമായ ടി വൈ കരാഡെ തന്നെ മാൻഹോളിൽ ഇറങ്ങി എരുമയെ പുറത്തേക്ക് വലിക്കത്തക്കവിധം കെട്ടിയിട്ടു. തുടർന്നാണ് പോത്തിനെ പുറത്തേക്ക് എടുക്കാനായത്.
എരുമയുടെ മുതുകിലും വാലിലും ചില പോറലുകൾ ഏറ്റിരുന്നു എന്നല്ലാതെ ഭാഗ്യവശാൽ കാര്യമായ പരിക്കൊന്നും സംഭവിച്ചിരുന്നില്ല.
ശരീരം മുഴുവനും ഉള്ളിലായിരിക്കുമ്പോഴും , തല മാൻഹോളിന് പുറത്ത് പറ്റിപ്പിടിച്ചതിനാൽ എരുമയ്ക്ക് ശ്വസിക്കാൻ കഴിഞ്ഞു. ഒടുവിൽ, അത് കെട്ടിയ ശേഷം, അഗ്നിശമനസേന മൃഗത്തെ മാൻഹോളിൽ നിന്ന് പുറത്തെടുത്തു.